സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പേ കണ്ണൂരില്‍ പി.കെ ശ്രീമതി എം.പിയുടെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍.റൈസിങ് കണ്ണൂര്‍ എന്ന പേരിലാണ് മുഖ്യമന്ത്രിയുടെയും ശ്രീമതിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുളളത്. ബോര്‍ഡുകള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി .
കണ്ണൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.കെ ശ്രീമതി തന്നെ വീണ്ടും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ശ്രീമതിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ചിത്രം കൂടി ആലേഖനം ചെയ്തിട്ടുളള ഫ്ലക്സുകളില്‍ എം.പിയുടെ വികസന നേട്ടങ്ങളാണ് വിവരിക്കുന്നത്. എന്നാല്‍ റൈസിങ് കണ്ണൂര്‍ എന്ന പേരിലുളള ഈ ബോര്‍ഡുകള്‍ ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല. ബോര്‍ഡ് സ്ഥാപിച്ചത് തങ്ങളല്ലന്നാണ് സി.പി.എമ്മും ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പും പറയുന്നത്. ഇതോടെ ബോര്‍ഡിന് പിന്നില്‍ ആരാണെന്ന ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മാത്രവുമല്ല, ബോര്‍ഡില്‍ പറയുന്ന വികസന പദ്ധതികളില്‍ ഭൂരിഭാഗവും എം.പിയുടെ നേട്ടങ്ങളല്ലന്നും ഇവര്‍ ആരോപിക്കുന്നു.
മാത്രവുമല്ല,സമ്പൂര്‍ണ്ണ ഫ്ലക്സ് നിരോധനം നടപ്പിലാക്കിയ ജില്ലയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച നടപടിക്കെതിരെ കലക്ടര്‍ക്ക് പരാതി നല്‍കാനും കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.