ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ സസ്പെൻഷൻ നേരിട്ട പി.കെ ശശി എം.എൽ.എയെ സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തി. സംസ്ഥാന കമ്മറ്റി തീരുമാനം ഇന്നലെ ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
കേന്ദ്ര കമ്മറ്റി അംഗം മന്ത്രി എ.കെ ബാലനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്തത്. പി.കെ ശശിയെ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തണമെന്ന ശുപാർശ വന്ന കഴിഞ്ഞ ജില്ലാ കമ്മറ്റിയിൽ 11 പേർ എതിർത്തെങ്കിൽ സംസ്ഥാന കമ്മറ്റി തീരുമാനം റിപ്പോർട്ട് ചെയ്ത ഇന്നലത്തെ കമ്മറ്റിയിൽ എതിർ സ്വരമേ ഉയർന്നില്ല. ജില്ലാ കമ്മറ്റി ശുപാർശ സംസ്ഥാന കമ്മറ്റി അംഗീകരിച്ചെന്ന് മന്ത്രി എ.കെ ബാലൻ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ നവംബറിലാണ് ഡി.വൈ.എഫ്.ഐ വനിത നേതാവിന്റെ പീഡന പരാതിയിൽ പി.കെ ശശി എം.എൽ.എയെ പാർട്ടി 6 മാസത്തേക്ക് സസ്പെന്റ് ചെയ്തത്. സസ്പെൻഷൻ കാലയളവിൽ ശശി മാതൃകാപരമായി പെരുമാറിയെന്ന വിലയിരുത്തലോട് കൂടിയാണ് അദ്ദേഹത്തിന്റെ ജില്ലാ കമ്മറ്റിയിലേക്കുള്ള തിരിച്ചു വരവ്.
അടുത്ത ജില്ലാ കമ്മറ്റി യോഗം മുതൽ ശശിയും പങ്കെടുത്തു തുടങ്ങും. നേരത്തെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. പി.കെ ശശിയെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് ആരോപിച്ച് പരാതിക്കാരിയായ വനിതാ നേതാവ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയിൽ നിന്നും രാജി വെച്ചിരുന്നു.