ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സർക്കാർ ഹൈക്കോടതിയില്‍. ശാരീരിക പ്രശ്നം എന്തെന്ന് കൃത്യമായി അറിയിക്കാൻ കോടതി നിർദേശം നല്‍കി. കുഞ്ഞനന്തനെ പുറത്തിറക്കാന്‍ മുഖ്യമന്ത്രിക്ക് അമിതാവേശമാണെന്ന് ആര്‍.എം.പി ആരോപിച്ചു.
ടി.പി വധക്കേസ് പ്രതി കുഞ്ഞനന്തന് അടിയന്തര ചികിൽസ വേണമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കുഞ്ഞനന്തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. ചികിൽസയ്ക്കായി ശിക്ഷ ഇളവ് ആവശ്യപ്പെട്ട് കുഞ്ഞനന്തൻ നൽകിയ ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്കിയത്. ഹരജി പരിഗണിക്കവെ കുഞ്ഞനന്തന്റെ യഥാർഥ പ്രശ്നം എന്തെന്ന് കോടതി ചോദിച്ചു.
കുഞ്ഞനന്തൻ എത്ര വർഷം ജയിലിൽ കഴിഞ്ഞുവെന്നും ജയിലിൽ കൂടുതൽ ദിവസം ഉണ്ടായിരുന്നില്ലെന്നാണ് അറിഞ്ഞതെന്നും കോടതി ചൂണ്ടിക്കാട്ടി. നടക്കാൻ കഴിയാത്ത അവസ്ഥയെന്ന് കുഞ്ഞനന്തന്റെ അഭിഭാഷകൻ സൂചിപ്പിച്ചപ്പോള്‍ ജയിലിൽ സുഖമായി കിടക്കാമല്ലോയെന്നായിരുന്നു കോടതിയുടെ ചോദ്യം. ജയിലില്‍ സഹായിക്കാൻ കൂട്ടുപ്രതികൾ ഉണ്ടല്ലോയെന്നും കോടതി ചോദിച്ചു. കുഞ്ഞനന്തന്റെ ശാരീരിക പ്രശ്നം എന്തെന്ന് കൃത്യമായി അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ഹരജി അടുത്ത ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാനായി മാറ്റി.
കുഞ്ഞനന്തനെ പുറത്തിറക്കാന്‍ മുഖ്യമന്ത്രിക്ക് അമിതാവേശമാണെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണു ആരോപിച്ചു. കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.