Kerala

ജലീലിനെ ന്യായീകരിക്കുന്ന മതനേതാക്കളുണ്ടെങ്കില്‍ അവരുടെ ഇടപാടുകളിലും ദുരൂഹതയുണ്ട്- പി.കെ ഫിറോസ്

സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റിന്റെ ചോദ്യംചെയ്യലിന് വിധേയമായ മന്ത്രി കെ.ടി ജലീലിനെ ഏതെങ്കിലും മതനേതാക്കൾ ന്യായീകരിച്ചിട്ടുണ്ടെങ്കിൽ അവരുടെ ഇടപാടും ദുരൂഹമായിരിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ഖുർആന്റെ മറവിൽ സ്വര്‍ണം കടത്തിയെന്ന ഗുരുതര ആരോപണമാണ് ജലീലിനെതിരെ ഉയർന്ന് വന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഖുർആനെ മറയാക്കി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. ഇതിനെ മതനേതാക്കൾ പിന്തുണക്കുന്നത് ശരിയല്ലെന്നും ഫിറോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മതനേതാക്കളെ വിളിച്ച് കെ.ടി ജലീൽ സഹായമഭ്യർഥിക്കുകയാണ്. ഖുർആൻ കൊണ്ട് വന്നതിനെതിരെയാണ് താൻ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അതുകൊണ്ട് തന്നെ സഹായിക്കണമെന്നുമാണ് ജലീൽ ആവശ്യപ്പെടുന്നത് മതനേതാക്കളോട് ആവശ്യപ്പെടുന്നത്. ജലീൽ ഇത് സംബന്ധിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പി.കെ ഫിറോസ് ആരോപിച്ചു.

തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം മന്ത്രിയായി തുടരുന്നത്. വിശുദ്ധ ഖുർആന്റെ മറവിൽ സ്വർണ്ണം കടത്തിയെന്ന ആരോപണം ഉയർന്നപ്പോൾ ആഗസ്റ്റ് ആറിന് മന്ത്രി ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്, വിദേശത്ത് നിന്നും വന്ന ഖുർആൻ എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ട് എന്നായിരുന്നു. ഇതില്‍ ഒന്ന് പോലും വിതരണം ചെയ്തിട്ടില്ലെന്നും അത് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം പറയുന്നു. എന്നാൽ, തൂക്കത്തിൽ 20 കിലോ വ്യത്യാസം ഉണ്ടെന്ന് കണ്ടെത്തിയപ്പോൾ 24 കോപ്പികൾ സി.ആപ്റ്റിലെ ജീവനക്കാർ എടുത്തിട്ടുണ്ടെന്നാണ് മന്ത്രി പിന്നീട് പറഞ്ഞത്. കെ.ടി ജലീൽ മന്ത്രിയായി തുടർന്നാൽ തെളിവുകൾ മുഴുവൻ നശിപ്പിക്കാൻ സാധ്യതയുണ്ട്. ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് അദ്ദേഹം തുടരാൻ പാടില്ലെന്നും പി.കെ ഫിറോസ് പറഞ്ഞു.