Kerala

കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ തുറന്നടിച്ച് പി.കെ ഫിറോസ്

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി മടങ്ങിയെത്തിയ പ്രവാസികള്‍ കേരളത്തിലെ വിമാനത്താവളത്തിലെത്തിയാല്‍ വീണ്ടും സ്വന്തം ചിലവില്‍ കോവിഡ് ടെസ്റ്റ് ചെയ്യണെമെന്ന വിവാദ നിര്‍ദ്ദേശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനോ നാട്ടിലെത്തിയതിനു ശേഷം അവരെ പുനരധിവസിപ്പിക്കുന്നതിനോ ഒരു നയാ പൈസ പോലും ചെലവഴിക്കാൻ കേന്ദ്ര-കേരള സർക്കാറുകൾ തയ്യാറായിട്ടില്ലെന്ന് പി.കെ ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് മൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന ഒരു വിഭാഗമാണ് പ്രവാസി സമൂഹം. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനോ നാട്ടിലെത്തിയതിനു ശേഷം അവരെ പുനരധിവസിപ്പിക്കുന്നതിനോ ഒരു നയാ പൈസ പോലും ചെലവഴിക്കാൻ കേന്ദ്ര-കേരള സർക്കാറുകൾ തയ്യാറായിട്ടില്ല. എന്തിനേറെ പറയുന്നു കോവിഡ് ബാധിച്ച് പ്രവാസ ലോകത്ത് മരണമടഞ്ഞ കുടുംബങ്ങൾക്ക് പോലും ഒരു നഷ്ടപരിഹാരവും സർക്കാർ നൽകിയിട്ടില്ല.

അതേ സമയം പ്രവാസികൾക്കെന്ന പേരിൽ ലോക കേരള സഭക്ക് മീറ്റിംഗ് ചേരാനെന്ന് പറഞ്ഞ് നിയമസഭാ മന്ദിരത്തിനകത്ത് ഓഡിറ്റോറിയം നവീകരിക്കുന്നതിനായി കേരള സർക്കാർ ചെലവഴിച്ചത് 16.65 കോടി രൂപയാണ്. ഇത്രയും തുകയുണ്ടായിരുന്നെങ്കിൽ എത്ര പ്രവാസി കുടുംബത്തിന് ആശ്വാസം നൽകാൻ സാധിക്കാമായിരുന്നു എന്ന ചോദ്യമൊന്നും ഭരണകൂടത്തെ ഒട്ടും അലോസരപ്പെടുത്തുന്നില്ല.

ഇപ്പോഴിതാ കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റും വാങ്ങി നാട്ടിലേക്ക് വിമാനത്തിൽ വന്നിറങ്ങുന്ന പ്രവാസികൾ എയർപോർട്ടിലെത്തിയാൽ വീണ്ടും സ്വന്തം ചെലവിൽ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ഉത്തരവിറക്കിയിരിക്കുന്നുവത്രേ! ശുദ്ധ തോന്നിവാസമാണിത്. ജോലി നഷ്ടപ്പെട്ട് ടിക്കറ്റിനു പോലും കാശില്ലാതെ പലരിൽ നിന്നും കടം വാങ്ങി നാട്ടിലെത്തുന്നവരെ വീണ്ടും ബുദ്ധിമുട്ടിക്കുന്ന ഈ തീരുമാനത്തിന് ഒരു നീതീകരണവുമില്ല. കോവിഡ് ടെസ്റ്റ് വീണ്ടും ചെയ്യണമെന്ന് സർക്കാറിന് നിർബന്ധമുണ്ടെങ്കിൽ അതിന്റെ ചെലവ് വഹിക്കാൻ സർക്കാർ തയ്യാറാവുകയാണ് വേണ്ടത്. പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന ഈ തീരുമാനത്തിന് അടിയന്തിര പരിഹാരമുണ്ടാക്കാൻ സർക്കാറിനോട് അഭ്യർത്ഥിക്കുന്നു”.