India Kerala

മത്സരിക്കാന്‍ താല്‍പര്യമുണ്ട്, രണ്ട് സീറ്റ് വേണം; പി.ജെ ജോസഫ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള താല്‍പര്യം തുറന്ന് പറഞ്ഞ് പി.ജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റെന്ന ആവശ്യം നാളെ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കും. കോട്ടയത്ത് മല്‍സരിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. അതേസമയം മല്‍സരരംഗത്ത് ഉണ്ടാകില്ലെന്ന് നിഷ ജോസ് കെ.മാണി വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റെന്ന ആവശ്യം മുന്നോട്ടുവച്ചതെന്തിനെന്ന വ്യക്തമായ ഉത്തരമാണ് പി.ജെ ജോസഫ് ഇന്ന് മാധ്യമങ്ങളെ അറിയിച്ചത്. ലോക്സഭയില്‍ മല്‍സരിക്കാന്‍ താല്‍പര്യമുണ്ട്. 1991 രാജീവ് ഗാന്ധിയുടെ മരണം ഉണ്ടായ കാലഘട്ടത്തിലാണ് മുമ്പ് മല്‍സരിച്ചതും പരാജയപ്പെട്ടതും.

കോട്ടയത്തെ കോണുകളില്‍ ജോസ് കെ.മാണിയുടെ ഭാര്യ നിഷ ജോസ് കെ.മാണിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകിയതോടെയാണ് ജോസഫ് മല്‍സരിക്കാനുള്ള താല്‍പര്യം തുറന്നറിയിച്ചത്. മല്‍സര രംഗത്തുണ്ടാകുമെന്ന് പറഞ്ഞതിനു പുറമെ നിഷ ജോസ് കെ.മാണിയുടെ സ്ഥാനാര്‍ഥി സാധ്യതകളും ഇതോടെ പി.ജെ വെട്ടി.

കോണ്‍ഗ്രസ് പാര്‍ട്ടി നാളെ കേരളാ കോണ്‍ഗ്രസ് എമ്മുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് ജോസഫിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമായി. ജോസ് കെ.മാണിയോടും മാണി വിഭാഗത്തോടും എതിര്‍പ്പുള്ള കോണ്‍ഗ്രസ് നേതാക്കളാണ് പി.ജെ ജോസഫിന് പിന്നിലുള്ളതെന്ന അടക്കം പറച്ചിലും സജീവമാണ്. രണ്ടിലയുടെ ആയുസ് എത്രയെന്ന ചര്‍ച്ച വരും മണിക്കൂറുകളില്‍ സജീവമാകും.