India Kerala

ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പ് വകവെക്കാതെ പ്രചാരണവുമായി മുന്നോട്ടുപോകാന്‍ കെ.എം മാണി

പി.ജെ ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പ് വകവെക്കാതെ പ്രചാരണവുമാ യി മുന്നോട്ടുപോകാന്‍ കെ.എം മാണി തോമസ് ചാഴികാടന് നിര്‍ദേശം നല്‍കി. കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്ന് മോന്‍സ് ജോസഫ് കുറ്റപ്പെടുത്തി.

പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ സ്റ്റിയറിംഗ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് ജോസ് കെ മാണി മറുപടി നല്‍കി. പി.ജെ ജോസഫിൻ്റെ നീക്കങ്ങളെ തടഞ്ഞ് തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയാക്കിയതില്‍ അപ്പോൾതന്നെ പി.ജെ ജോസഫ് പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോൻസ് ജോസഫ് അടക്കമുള്ള ജോസഫ് വിഭാഗക്കാർ പരസ്യമായി രംഗത്തു വന്നിരിക്കുന്നത്.

സ്റ്റിയറിംഗ് കമ്മിറ്റിക്ക് മുകളിൽ ഏത് സ്ഥാനാർത്ഥി നിർണയ സമിതിയാണുള്ളതെന്ന് മോൻസ്ജോസഫ് ചോദിക്കുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കേരള കോൺഗ്രസിലും യു.ഡി.എഫിലും അണികൾ അതൃപ്തരാണ്.

എന്നാൽ പാർലമെന്‍ററി പാർട്ടിയിലും സ്റ്റിയറിംഗ് കമ്മിറ്റിയിലും ചർച്ച ചെയ്താണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നാണ് ജോസ് കെ മാണി അടക്കമുള്ള മാണി വിഭാഗക്കാർ പറയുന്നത്. തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോവില്ലെന്ന നിലപാടിലാണ് കെ.എം മാണി. സ്ഥാനാർത്ഥിയായ തോമസ് ചാഴികാടനോട് പ്രചാരണത്തിൽ സജീവമാകാനും കെ.എം മാണി നിർദ്ദേശിച്ചു.