കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ വന്ന വിമര്‍ശനത്തില്‍ പൊട്ടിത്തെറിച്ച് പി.ജെ ജോസഫ്. ജോസ് കെ. മാണിക്ക് പക്വതയില്ലെന്ന് തുറന്നടിച്ച പി.ജെ ജോസഫ്. ജോസ് അറിയാതെ പ്രതിച്ഛായയില്‍ ഒരു ലേഖനവും വരില്ലെന്നും പറഞ്ഞു. എന്നാല്‍ പ്രതിച്ഛായയുടെത് പാർട്ടി നിലപാടല്ലെന്ന് വിശദീകരിച്ച് വിവാദത്തില്‍ നിന്നും ജോസ് കെ. മാണി ഒഴിഞ്ഞു മാറി.
ജോസ് കെ. മാണിയെ പ്രകീര്‍ത്തിച്ച ശേഷം പി.ജെ ജോസഫിന്റെ പേര് പറയാതെയായിരുന്നു പ്രതിച്ഛായയുടെ മുഖപ്രസംഗത്തിലെ വിമര്‍ശനം. സിരകളില്‍ കേരള കോണ്‍ഗ്രസ് രക്തമൊഴുകുന്ന സ്ഥാനാര്‍ഥിയെ പാര്‍ട്ടി കണ്ടെത്തിയിട്ടും ചില നേതാക്കള്‍ അപസ്വരം കേള്‍പ്പിക്കാന്‍ മടിക്കുന്നില്ല. ശകുനം മുടക്കാന്‍ നോക്കുകുത്തിയെ പോലെ വഴി വിലങ്ങി നിന്നു വിഡ്ഢിയാകാനാണവരുടെ നിയോഗമെന്നുമായിരുന്നു പ്രതിച്ഛായയുടെ കുറ്റപ്പെടുത്തല്‍. ഇതിന് പിന്നില്‍ ജോസ് കെ. മാണിയാണെന്ന് തുറന്നടിച്ചായിരുന്നു ജോസഫിന്റെ മറുപടി.
പി.ജെ ജോസഫ് പൊട്ടിത്തെറിച്ചതോടെ ജോസ് കെ. മാണി ഒന്ന് അയഞ്ഞു. ലേഖനത്തെ തള്ളി. ഇത് പാര്‍ട്ടി നിലപാടല്ലെന്ന് പറഞ്ഞു വെച്ചു. പ്രചാരണം മുന്നോട്ട് പോകുമ്പോളും ഇരുപക്ഷും പോര് തുടരുന്നതില്‍ കോണ്‍ഗ്രസും മറ്റു ഘടകകക്ഷികളും അതൃപ്തരാണ്.