India Kerala

പിഴ ഉയര്‍ന്നു, കേസ് കൂടി; മോട്ടോര്‍വാഹന കേസുകള്‍ക്ക് പ്രത്യേക കോടതി വേണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: മോട്ടോര്‍വാഹന നിയമപ്രകാരമുള്ള കേസുകള്‍ പരിഗണിക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തില്‍ പ്രത്യേക കോടതികള്‍ രൂപവത്കരിക്കണമെന്ന് മോട്ടോര്‍വാഹനവകുപ്പ്. പിഴ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് കൂടുതല്‍ കേസുകളില്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ടിവരും. നിശ്ചിതദിവസത്തിനുള്ളില്‍ പിഴയടയ്ക്കാത്ത കേസുകള്‍ പ്രത്യേക കോടതിക്ക് കൈമാറാന്‍ കഴിയും. നിലവിലെ കോടതികളില്‍ മറ്റു കേസുകളുടെ ബാഹുല്യമുണ്ട്. അതിനാല്‍ മോട്ടോര്‍വാഹന നിയമപ്രകാരമുള്ള കേസുകള്‍കൂടി അവിടേക്ക് കൈമാറുന്നത് ബുദ്ധിമുട്ടുണ്ടാക്കും. കേസുകളില്‍ തീര്‍പ്പുണ്ടാകാന്‍ ഏറെ വൈകും.

പോലീസിനും മോട്ടോര്‍വാഹന വകുപ്പിനുമാണ് കേന്ദ്ര മോട്ടോര്‍വാഹനനിയമപ്രകാരം കേസുകളെടുക്കാന്‍ കഴിയുക. സേഫ് കേരള സ്‌ക്വാഡുകള്‍കൂടി പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ കൂടുതല്‍ കേസുകളുണ്ടാകും. ജില്ലകളില്‍ 100 ക്യാമറകളും പ്രത്യേക കണ്‍ട്രോള്‍റൂമുകളും സജ്ജീകരിക്കുന്നുണ്ട്. അതിവേഗം, സിഗ്‌നല്‍ ലംഘനം എന്നിവ കണ്ടെത്താന്‍ കഴിയുന്ന ആധുനിക ക്യാമറകളാണ് സ്ഥാപിക്കുന്നത്. കൂടുതല്‍ കേസുകള്‍ ഈവഴിയും ഉണ്ടാകും.

നിയമോപദേശം തേടും

കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ ഭേദഗതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തതയ്ക്കായി നിയമോപദേശം തേടാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിനും സംസ്ഥാന നിയമവകുപ്പിനും കത്തുനല്‍കും. പിഴ ഈടാക്കുന്നതിനൊപ്പം സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ചാണ് ആശയക്കുഴപ്പം. ഭേദഗതി നടപ്പാക്കുന്നത് സംബന്ധിച്ച്‌ ചട്ടത്തിലാണ് അന്തിമരൂപം വരുന്നത്. ആറുമാസത്തിനുള്ളില്‍ ചട്ടം രൂപവത്കരിക്കാറുണ്ട്. അതുവരെ സ്വീകരിക്കേണ്ട നടപടികള്‍ നിശ്ചയിക്കാനാണ് നിയമോപദേശം തേടുന്നത്.

പിഴ കുറയ്ക്കാനാകില്ലെന്ന് കേന്ദ്ര ഉപരിതലമന്ത്രാലയം

പിഴ കുറയ്ക്കാന്‍ കഴിയുമോ എന്നതുസംബന്ധിച്ച്‌ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ ആശയവിനിമയം നടത്തിയിരുന്നു. കേന്ദ്രനിയമം അനുശാസിക്കുന്നതിനെക്കാള്‍ പിഴ കുറയ്ക്കാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിഴ ഉയര്‍ത്തിയതിനുപുറമേ ഡ്രൈവിങ് ലൈസന്‍സ് വിതരണം, വാഹന രജിസ്ട്രേഷന്‍, പെര്‍മിറ്റ് വിതരണം എന്നിവയില്‍ കാതലായ മാറ്റം കേന്ദ്രനിയമ ഭേദഗതിയിലുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ ആര്‍ക്കും നിശ്ചയമില്ലാത്ത അവസ്ഥയാണ്. മിക്ക ഓഫീസുകളിലും അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റിലെ നടപടിക്രമങ്ങള്‍ വൈകുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഓണ്‍ലൈനില്‍ പിഴ സ്വീകരിക്കുന്നതിനായി സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്ക് പി.ഒ.എസ്. മെഷീന്‍ നല്‍കാന്‍ തീരുമാനിച്ചെങ്കിലും അടുത്തെങ്ങും നടപ്പാകാനിടയില്ല. കൈവശം പണമില്ലാത്തിനാല്‍ ഭൂരിഭാഗംപേരും പിഴ അടയ്ക്കാന്‍ സാവകാശം തേടുന്നുണ്ട്. നിലവിലെ സര്‍ക്കുലര്‍പ്രകാരം നിശ്ചിത ദിവസത്തില്‍ക്കൂടുതല്‍ ഫയല്‍ കൈവശംവെക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല.