India Kerala

കേരളത്തിന്‍റെ ഗതാഗത മേഖലയില്‍ സ്വകാര്യവത്കരണത്തിന് നീക്കം

കേരളത്തിന്‍റെ ഗതാഗത മേഖലയില്‍ സ്വകാര്യവത്കരണത്തിന് നീക്കം. ഗതാഗത നിയമങ്ങളുടെ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കാനുള്ള അധികാരം സ്വകാര്യ കമ്പനിക്ക് കൈമാറാനാണ് ആലോചന. ഈടാക്കുന്ന പിഴയുടെ നിശ്ചിത ശതമാനം കരാറെടുക്കുന്ന കമ്പനിക്ക് ലഭിക്കും.

200 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു. യു.എ.ഇയിലെ ഗതാഗത നിയന്ത്രണ സംവിധാനം പഠിച്ച് ഐ.ജി മനോജ് എബ്രഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി. അമിതവേഗം, ചുവന്ന ലൈറ്റ് മറികടക്കല്‍, അനധികൃത പാര്‍ക്കിങ്, ഹെല്‍മറ്റില്ലാതെയുള്ള യാത്ര, വാഹനം ഓടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങി നിയമ ലംഘനങ്ങളൊക്കെ കണ്ടെത്തി പിഴ ചുമത്താന്‍ സ്വകാര്യ കമ്പനിക്ക് അധികാരമുണ്ടാകും. ഇതിന് വേണ്ട സജ്ജീകരണങ്ങളെല്ലാം ആഗോള ടെന്‍ഡറിലൂടെ തെരഞ്ഞെടുക്കുന്ന കമ്പനി ഒരുക്കണം.

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്‍റെ നമ്പര്‍പ്ലേറ്റ് പകര്‍ത്താന്‍ ശേഷിയുള്ള ക്യാമറകള്‍, സിഗ്നല്‍ ലൈറ്റുകള്‍, ഹെല്‍മറ്റ് ഡിറ്റക്ഷന്‍ സംവിധാനം, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊക്കെ കമ്പനിയുടെ ചുമതലയാണ്. മൊബൈല്‍ സ്പീഡ് ലിമിറ്റേഷന്‍ സംവിധാനങ്ങളും സജ്ജമാക്കും. 10 വര്‍ഷത്തേക്ക് പദ്ധതിയുടെ നടത്തിപ്പ് ചുമതല കമ്പനിക്കായിരിക്കും.

കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ മുഴുവന്‍ സംവിധാനവും സൗജന്യമായി കേരള പൊലീസിന് കൈമാറണം. ഈടാക്കുന്ന പിഴയുടെ നിശ്ചിത ശതമാനം കമ്പനിക്ക് കമ്മീഷനായി ലഭിക്കുമെന്നതിനാല്‍ ചെറിയ ഗതാഗത ലംഘനങ്ങള്‍ക്ക് പോലും ശിക്ഷ ഉറപ്പ്. ഇപ്രകാരം ശേഖരിക്കുന്ന വിവരങ്ങളുടെയും അത് സൂക്ഷിക്കുന്ന സോഫ്റ്റ്‌വെയറിന്റെയും ഉടമസ്ഥാവകാശം കേരള പൊലീസിനായിരിക്കുമെന്നാണ് വ്യവസ്ഥ.

എങ്കിലും സ്വകാര്യകമ്പനി കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ ഇവയുടെ സുരക്ഷിതത്വവും ആശങ്കക്ക് ഇടനല്‍കുന്നതാണ്. വാഹനപ്പെരുപ്പത്തിന് അനുസരിച്ചുള്ള ഗതാഗത സംവിധാനങ്ങളോ വേണ്ടത്ര പാര്‍ക്കിങ് സൗകര്യങ്ങളോ ഇല്ലാത്ത സംസ്ഥാനത്ത് പദ്ധതി എങ്ങനെ നടപ്പിലാക്കാന്‍ കഴിയുമെന്നതും വ്യക്തമല്ല.