ശിവശങ്കരന്റെ സസ്പെൻഷന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കിയില്ലെങ്കിലും ജനങ്ങൾക്ക് കാരണം ബോധ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ശിവശങ്കരന്റെ സസ്പെൻഷന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കിയില്ലെങ്കിലും ജനങ്ങൾക്ക് കാരണം ബോധ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ധാർമിക ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ല. മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രിൻസിപ്പൽ സെക്രട്ടറിക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെങ്കിൽ അതിന്റെ ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രിയുടെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല പ്രതികളെ സംരക്ഷിക്കുക വഴി അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റിയത് കൊണ്ട് എല്ലാം അവസാനിച്ചു എന്ന ധാരണ ജനങ്ങൾക്കില്ല മുഖ്യമന്ത്രി തുടക്കം മുതൽ നടത്തിയത് കള്ളക്കളിയാണ്.
ചീഫ് സെക്രട്ടറിയുടെ അന്വേഷണം നിഷ്പക്ഷമാവില്ല. തുടക്കം മുതൽ പ്രിൻസിപ്പൽ സെക്രട്ടറിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്.മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
അരുൺ ബാലചന്ദ്രൻ ഡ്രീം കേരള കമ്മിറ്റിയിൽ അംഗമാണ്. ഐ.ടി ഫെലോ സ്ഥാനത്ത് നിന്ന് അരുൺ ബാലചന്ദ്രനെ മാറ്റി എങ്കിലും ഡ്രീം കേരള പദ്ധതിയിൽ അദ്ദേഹം ഇപ്പോഴും അംഗമാണ്. ഐ.എ.എസ് ഉദ്യോഗസ്ഥർ അംഗങ്ങളായ സമിതിൽ എങ്ങനെ ഐ.ടി ഫെലോ എത്തി എന്നത് അന്വേഷിക്കണം. താൻ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ഉറപ്പുള്ളത് തന്നെ. അത് ഇപ്പോഴെങ്കിലും മുഖ്യമന്ത്രിക്ക് ബോധ്യമായില്ലേ? ഐ ടി വകുപ്പിലെ നിയമനങ്ങൾ അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ തൃപ്തരല്ല. സ്പ്രിങ്ക്ലർ അന്വേഷണ റിപ്പോർട്ട് എന്തായി? ഐ ടി വകുപ്പിനെ സ്വർണ്ണഖനി ആയിട്ടാണ് മുഖ്യമന്ത്രിയും സർക്കാരും കാണുന്നത്. നേരത്തെ ഉന്നയിച്ച ആരോപണങ്ങളിൽ എല്ലാം അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ഐ ടി വകുപ്പ് സെക്രട്ടറി ആയിരുന്ന ശിവശങ്കരൻ അംഗമായിട്ടുള്ള സമിതികൾ സംബന്ധിച്ച് അന്വേഷണം വേണം. കുറച്ച് നാളായി ഐടി മാഫിയ സംഘമായി അധഃപതിച്ചിരിക്കുകയാണ്.