India Kerala

ബഷീറിന്റെ മരണം; പഴുതടച്ച അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി

പൊലീസിന്റെ വീഴ്ച്ചകള്‍ പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഷീറിന്റെ കുടുംബത്തിന് സഹായമുണ്ടാകുമെന്നും വീഴ്ച്ചവരുത്തിയ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

കേസില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല. പഴുതില്ലാത്ത അന്വേഷണം നടക്കും. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണമായതെന്നാണ് പ്രാഥമിക വിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യപിച്ച കാര്യം ശ്രീറാം നിഷേധിച്ചാലും നാടിന് കാര്യങ്ങള്‍ മനസിലായിട്ടുണ്ട്. നിയമം അറിയാവുന്നയാള്‍ തന്നെയാണ് നിയമലംഘനം നടത്തിയത്. മദ്യത്തിന്റെ അളവ് രക്തത്തില്‍ നിന്നും കണ്ടെത്താന്‍ കഴിയാത്ത വിധത്തിലുള്ള മരുന്ന് കഴിച്ചോയെന്നും അന്വേഷിക്കും. ശ്രീറാമിന്റെ കാര്യത്തില്‍ തെറ്റായ കാര്യം നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.