India Kerala

‘വിദേശ സർവകലാശാല വിഷയത്തിൽ പരസ്യപ്രസ്താവന വേണ്ട’; ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

വിദേശ സർവകലാശാല വിഷയത്തിൽ വിവാദവും പരസ്യപ്രസ്താവനയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിർദേശം നൽകി മുഖ്യമന്ത്രി. ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവർ പരസ്യമായി പ്രതികരിക്കേണ്ട. തന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാണ് ബജറ്റിൽ ഇടം പിടിച്ചതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അടക്കം ഉള്ളവർക്കാണ് നിർദേശം. ബജറ്റിലെ നിർദേശം തങ്ങൾ അറിയാതെ എന്നായിരുന്നു മന്ത്രി ആർ ബിന്ദുവിന്റെ പരാതി.കൗൺസിൽ അല്ല ആശയം മുന്നോട് വെച്ചത് എന്ന് വൈസ് ചെയർമാൻ ഡോ രാജൻ ഗുരുക്കളും പറഞ്ഞിരുന്നു.

ഭരണ നേതൃത്വത്തിന് ഇടയിലെ ഭിന്നത ഒഴിവാക്കാൻ ആണ്‌ ഇടപെടൽ. ബജറ്റ് ചർച്ചയുടെ മറുപടിയിൽ ധന മന്ത്രി കൂടുതൽ വിശദീകരണം നൽകുമെന്നാണ് ഭരണ നേതൃത്വത്തിന്റെ നിലപാട്. സ്വകാര്യസർവ്വകലാശാലക്ക് അനുമതി നൽകാനുള്ള നയംമാറ്റത്തിന് സിപിഐഎം നേരത്തെ രാഷ്ട്രീയ തീരുമാനമെടുത്തതാണ്.

വിദേശ-സ്വകാര്യ സർവ്വകലാശാലകളുടെ അനുമതിക്കുള്ള നയരൂപീകരണ ചുമതലയും ഉന്നതവിദ്യാഭ്യാസ കൗൺസിലിലാണ്. വിദേശരാജ്യങ്ങൾ സന്ദർശിക്കാനും കേരളത്തിൽ നാലു കോൺക്ലേവുകൾ നടത്താനുമുള്ള ചുമതലയും കൗൺസിലിന് നൽകിയതിലും ഉന്നത വിദ്യാഭ്യാസവകുപ്പിന് നീരസമുണ്ട്.