ലോക കേരള സഭയിൽ പ്രതിപക്ഷത്തെ പങ്കെടുപ്പിക്കാൻ പരാമവധി ശ്രമിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷം ഇല്ലെങ്കിലും കാര്യങ്ങൾ നടക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയുടെ സമാപന സെഷനിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ലോക കേരളസഭയിലെ പ്രതിപക്ഷ ബഹിഷ്കരണത്തെ കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ മൗനം പാലിച്ച മുഖ്യമന്ത്രി സമാപന ദിവസമാണ് പ്രതിപക്ഷത്തെ വിമർശിച്ചത്. ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷം രാജി വെച്ചപ്പോൾ മുതൽ അവരെ തിരികെ കൊണ്ട് വരാൻ ശ്രമങ്ങൾ താനും സ്പീക്കറും നടത്തി.പ്രതിപക്ഷം തീരുമാനം മാറ്റാത്തതിനെ തുടർന്ന് നവംബറിൽ വീണ്ടും പ്രതിപക്ഷ നേതാവിന് കത്തയച്ചു. എന്നിട്ടും പ്രതിപക്ഷം സഹകരിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരള സഭ ശാശ്വതമായി നിലനിർത്താനാണ് നിയമം കൊണ്ട് വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയിൽ പ്രതിനിധികൾ ഉന്നയിച്ച കാര്യങ്ങൾ ഒന്നും വ്യഥ ആകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷത്തിന്റെത് പിണക്കമായി കണ്ട് അത് പരിഹരിക്കുമെന്ന് സ്പീക്കറും വ്യക്തമാക്കി.