ജനപ്രതിനിധികളെ തെരഞ്ഞെടുക്കുമ്പോള്‍ കാലുമാറ്റമുണ്ടാകില്ലെന്ന് ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ പ്രതിനിധികള്‍ മതനിരപേക്ഷതയുടെ ഭാഗത്ത് ഉറച്ച് നില്‍ക്കുമെന്നും പിണറായി പറഞ്ഞു. ഇടത് തരംഗത്തിനുള്ള രാഷ്ട്രീയ സാഹചര്യമാണ് നിലവിലുളളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇ.എം.എസ് ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
ജനപ്രതിനിധികളെ തെരെഞ്ഞെടുക്കുമ്പോള്‍ കാലുമാറ്റമുണ്ടാകില്ലെന്ന് ഉറപ്പുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസാണെങ്കില്‍ അക്കാര്യത്തില്‍ ഒരു ഉറപ്പുമില്ല. ആരുടെ കൂടെ നില്‍ക്കുമെന്ന് പറയാനാവില്ല. വര്‍ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നയം കൊണ്ടാണ് കോണ്‍ഗ്രസിന് അപചയമുണ്ടായതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളില്‍ വര്‍ഗീയ ശക്തികള്‍ പിടിമുറുക്കാന്‍ കാരണം ഇതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു പാര്‍ലമെന്റ് സീറ്റില്‍ പോലും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസ് എങ്ങനെ ഇന്ത്യ ഭരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. ഇ.എം.എസ് അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. രാവിലെ നിയമസഭക്ക് മുന്നിലെ ഇ.എം.എസ് പ്രതിമയില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. ഇ.എം.എസ് അക്കാദമിയിലും അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.