എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നസെന്റിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് നേരത്തെ വിയോജിപ്പുകളുയർന്നതിനെ തുടർന്നാണ് മുഖ്യമന്ത്രി തന്നെ മണ്ഡലത്തിൽ നേരിട്ടെത്തിയത്. ഇടതു സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കാനുള്ള കർശന നിർദ്ദേശമാണ് അദ്ദേഹം പ്രവർത്തകർക്ക് നൽകിയിരിക്കുന്നത്.
സ്ഥാനാർഥി പ്രഖ്യാപനത്തിനു മുമ്പ് ചാലക്കുടി മണ്ഡലം കമ്മിറ്റി ഒന്നടങ്കം എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും ഇന്നസെന്റിനെ തന്നെ സ്ഥാനാർഥിയാക്കാനായിരുന്നു സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഈ തീരുമാനത്തിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകൾ ആണെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോൾ മണ്ഡലം കമ്മിറ്റിയിൽ പങ്കെടുക്കാൻ അദ്ദേഹം തന്നെ നേരിട്ട് എത്തിയതോടെയാണ് ഇന്നസെന്റിന് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന കാര്യം വ്യക്തമായിരിക്കുന്നത്.
അങ്കമാലിയിൽ നടന്ന മണ്ഡലം കമ്മിറ്റിയിൽ മുഖ്യമന്ത്രിക്ക് പുറമെ സി.പി.എമ്മിന്റെ മുതിർന്ന നേതാക്കളായ ബേബി ജോൺ, എം.സി ജോസഫൈൻ തുടങ്ങിയവരും പങ്കെടുത്തിരുന്നു. പ്രാദേശിക നേതാക്കളുടെ വിയോജിപ്പുകൾ അടക്കം ചർച്ച ചെയ്ത യോഗത്തിനൊടുവിൽ സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കാനാണ് മുഖ്യമന്ത്രി പാർട്ടി പ്രവർത്തകർക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം.
ആദ്യഘട്ട മണ്ഡലം കൺവെൻഷനുകൾ പൂർത്തിയാക്കിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചാലക്കുടിയിൽ എൽ.ഡി.എഫ് ഏറെ മുന്നിലെത്തിയിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി തന്നെ നേരിട്ട് എത്തി കമ്മിറ്റിയിൽ പങ്കെടുത്തതും നിർദ്ദേശങ്ങൾ നൽകിയതും വിജയത്തിൽ കുറഞ്ഞ മറ്റൊരു ലക്ഷ്യവുമില്ലെന്ന് വ്യക്തമായ സന്ദേശമാണ് നൽകുന്നത്.