Kerala

കോവിഡ് നിലവില്‍ നിയന്ത്രണവിധേയമാണ്, മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം: മുഖ്യമന്ത്രി

എന്നാല്‍ മോശമായ സാഹചര്യം വന്നാല്‍ അതിനെ നേരിടാന്‍ നമ്മള്‍ തയ്യാറാകണം

സംസ്ഥാനത്ത് ഇന്നും പുതിയ കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും എന്നാല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

നിലവില്‍ സംസ്ഥാനത്ത് 25,603 പേര്‍ നിരീക്ഷണത്തിലുണ്ട്. പുതിയതായി 57 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി ഇന്ന് 7861 പേരെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 237 പേര്‍ ആശുപത്രിയിൽ നിരീക്ഷണത്തിലുമുണ്ട് അദ്ദേഹം പറഞ്ഞു.

ജാഗ്രത ഒരു രീതിയിലും കൈവിടാന്‍ പാടില്ല. ജനജീവിതം സാധാരണ നിലയില്‍ തുടരാന്‍ കഴിയണം. അണുബാധ നിയന്ത്രണാതീതമാകാനുള്ള സാഹചര്യമുണ്ട്. പരിശോധന കൂടുതല്‍ കര്‍ശനമാക്കണം. പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളില്‍ ഒരു ഡോക്ടറുടെ സേവനം കൂടി ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനേതാകള്‍ പൂര്‍ണ സഹകരണം ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ മതനേതാക്കളുമായി സംസാരിച്ചുവെന്നും പൂര്‍ണ സഹകരണം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. കൊടുങ്ങല്ലൂര്‍ ഭരണിയില്‍ നിന്ന് ഭക്തര്‍ ഒഴിഞ്ഞ് നില്‍ക്കണമെന്നും കോഴിക്കോട് പട്ടാള പള്ളിയില്‍ കൂട്ട നമസ്കാരം ഒഴിവാക്കിയത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ കോവിഡ് പ്രതിരോധം കൈവിട്ട് പോയിട്ടില്ല, നിയന്ത്രണ വിധേയമാണ്. എന്നാല്‍ മോശമായ സാഹചര്യം വന്നാല്‍ അതിനെ നേരിടാന്‍ നമ്മള്‍ തയ്യാറാകണം. അതിനായി വിരമിച്ച ആളുകളുടെ സഹകരണം ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കും. അവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിനൊപ്പം നാളെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മാസ്ക് ക്ഷാമം രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കും. സാനിറ്റൈസറും കൂടുതൽ ഉത്പാദിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.