India Kerala

പാലായില്‍ രാഷ്ട്രീയം പറയാതെ മുഖ്യമന്ത്രി

രാഷ്ട്രീയ വിഷയങ്ങള്‍ പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ആദ്യദിനം വോട്ട് ചോദിച്ചത്. മന്ത്രിമാരടക്കമുള്ളവര്‍ പി.ജെ ജോസഫ്-ജോസ് കെ. മാണി തര്‍ക്കങ്ങള്‍ സജീവ പ്രചരണായുധമാക്കുന്നുണ്ട് .സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന പ്രസംഗങ്ങളാണ് മൂന്ന് വേദികളിലും പിണറായി വിജയന്‍ നടത്തിയത്.

കേരളാ കോണ്‍ഗ്രസ് എമ്മിനുളളിലെ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ത്തെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുമ്പോഴും അതിലൂന്നിയായിരുന്നു ഇത് വരെയുള്ള എല്‍.ഡി.എഫിന്റെ പ്രചരണം. പാലായുടെ ചുമതലയുള്ള മന്ത്രി എം.എം മണിയെപ്പോലുള്ള നേതാക്കള്‍ പ്രസംഗിക്കുന്നതിന്റെ ഏറിയ പങ്കും ചെലവഴിക്കുന്നത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കമുള്ള തര്‍ക്കങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു. എന്നാല്‍ എല്‍.ഡി.എഫിന്റെ പ്രചരണം നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അതേക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല. മറ്റ് രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നും അകലം പാലിച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയുന്നതിന് മാത്രമായിരുന്നു ഊന്നല്‍.

ഇന്നും നാളെയും പൂര്‍ണ്ണ സമയം പാലയില്‍ മുഖ്യമന്ത്രിയുണ്ടാകും.ആറ് കണ്‍വന്‍ഷനുകളില്‍ ഇനി പങ്കെടുക്കുന്നുണ്ട്.അപ്പോഴും ഇന്നലത്തെ നിലപാട് തന്നെയാണോ മുഖ്യമന്ത്രി സ്വീകരിക്കുകയെന്നതാണ് ഇനി അറിയാനുള്ളത്.