പാലാ തെരഞ്ഞെടുപ്പിലെ ഫലം തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ തോല്‍വിയുടെ ജാള്യത മറക്കാന്‍ യു.ഡി.എഫ് കാരണങ്ങള്‍ കണ്ടെത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അരൂരിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വേങ്ങര,ചെങ്ങന്നൂര്‍ ,പാല മൂന്ന് ഉപതെരഞ്ഞെടുപ്പിലും ഇടത് മുന്നണിയുടെ വോട്ട് നിലയില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. യു.ഡി.എഫിനെ ജനങ്ങള്‍ കൈവിടുകയാണ്. പാലാ തെരഞ്ഞെടുപ്പ് തോല്‍വി ന്യായീകരിക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകായണെന്ന് അരൂരില്‍ മനു സി .പുളിക്കലിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌ത മുഖ്യമന്ത്രി പറഞ്ഞു.
രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.പാലായില്‍ ഉജ്വല വിജയം നേടിയ മാണി സി. കാപ്പനെ വലിയ ആവേശത്തോടെയാണ് അരൂരിലെ ജനത വരവേറ്റത്. സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞതോടെ മൂന്ന് മുന്നണികളും മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്.വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാന നേതാക്കളും അരൂരിലെത്തും.