Kerala

പിണറായി സർക്കാരിന്റേത് ദുർഭരണത്തിന്റെ രണ്ടാം വാർഷികം; മെയ് 20ന് സെക്രട്ടേറിയറ്റ് വളയുമെന്ന് എം.എം ഹസൻ

പിണറായി സർക്കാരിന്റേത് ദുർഭരണത്തിന്റെ രണ്ടാം വാർഷികമാണെന്നും മെയ് 20 ന് സെക്രട്ടേറിയറ്റ് വളയുമെന്നും കോൺ​ഗ്രസ് നേതാവ് എം.എം ഹസൻ. സർക്കാർ ആഘോഷ പരിപാടികൾ യുഡിഎഫ് ബഹിഷ്കരിക്കും. കേരളത്തിൽ അഴിമതിയുടെ പെരുമഴക്കാലമാണ് നടക്കുന്നത്. എ.ഐ കാമറ ഇടപാടിൽ പുകമറ മാറ്റാൻ മുഖ്യമന്ത്രി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമീപകാലത്ത് ഉണ്ടായതിൽ ഏറ്റവും വലിയ അഴിമതിയാണ് എ.ഐ കാമറ ഇടപാട്. കെൽട്രോണിൽ ഡിജിറ്റൽ കറപ്ഷനാണ് നടന്നുകൊണ്ടിരിക്കുന്നത്. ദി കേരള സ്റ്റോറി എന്ന സിനിമ നിരോധിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ എതിർപ്പിനെ സ്വാഗതം ചെയ്യുന്നു. സിനിമയുടെ അണിയറപ്രവർത്തകർക്ക് എതിരെ കേസെടുക്കണം.

ക്രൈസ്തവരെ അപമാനിക്കുന്ന കക്കുകളി നാടകവും നിരോധിക്കണം. കെട്ടിട നികുതിയുടെ കാര്യത്തിൽ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങിൽ അടിസ്ഥാന നിരക്ക് ഈടാക്കുന്നത് ആലോചിക്കും. സാധാരണക്കാരനു താങ്ങാനാകാത്ത വിലക്കയറ്റമാണ് നിലവിലുള്ളത്. സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്. സർവ മേഖലകളിലും അഴിമതിയാണ് നടക്കുന്നത്.

എ ഐ ക്യാമറയുടെ പേരിൽ കരാറുകൾക്കുമേൽ ഉപകരാറുകൾ നൽകി അതിനെല്ലാം കമ്മീഷൻ തട്ടിയെടുക്കാനുള്ള ശ്രമമാണ് ഈ സർക്കാർ നടത്തുന്നത്. സർവ്വ മേഖലകളിലും കമ്മീഷൻ സർക്കാരായി ഈ സർക്കാർ മാറി. ഇടത് സർക്കാരിന്റെ അഴിമതിക്കെതിരെ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും ഹസൻ പറഞ്ഞു.