മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫുകളെ തീരുമാനിക്കാൻ സിപിഎം സംസ്‌ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന് ചേരും. സര്‍ക്കാരില്‍ നിന്ന് സ്റ്റാഫിലേക്ക് നിയമിക്കുന്നവരുടെ പരമാവധി പ്രായം 51 ആയിരിക്കണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സംസ്ഥാന സമിതിയംഗവും മുന്‍ രാജ്യസഭാ എംപിയുമായ കെ.കെ.രാഗേഷിനെ തീരുമാനിച്ചിരുന്നു. എം.വി.ജയരാജന്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പല വിവാദങ്ങളുമുണ്ടായിരുന്നു. അതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് രാഷ്ട്രീയ നിയമനം. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍ തുടരും.
മുഖ്യമന്ത്രിയുടെ സ്റ്റാഫിലുള്ള മിക്കവരെയും നിലനിര്‍ത്താനാണ് സാധ്യത. മുഖ്യമന്ത്രിയൊഴികെയുള്ള മന്ത്രിമാരെല്ലാം പുതുമുഖങ്ങളായതിനാല്‍ സ്റ്റാഫിന്‍റെ കാര്യത്തിലും അഴിച്ചുപണിക്ക് സാധ്യതയുണ്ട്. കഴിഞ്ഞതവണ മന്ത്രിമാരുടെ സ്റ്റാഫംഗങ്ങളുടെ എണ്ണം പരമാവധി 25ല്‍ ഒതുക്കി നിര്‍ത്തണം എന്ന് സിപിഎം തീരുമാനിച്ചിരുന്നു. ഇതില്‍ മാറ്റമുണ്ടാകുമോയെന്നും ഇന്നറിയാം. കെ.കെ.ശൈലജയ്ക്ക് മന്ത്രിപദവി നല്‍കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളും സംസ്ഥാനസെക്രട്ടേറിയറ്റ് വിലയിരുത്തിയേക്കാം.