പുതുവര്‍ഷത്തില്‍ നടപ്പാകുന്ന പ്ലാസ്‌റ്റിക് നിരോധനത്തിലൂടെ പരസ്യബോര്‍ഡുകളില്‍നിന്ന് പുറത്താകുന്ന ഫ്ലക്‌സിന് പകരക്കാരനാകാന്‍ പോളിയെസ്‌റ്റര്‍ തുണി. എടുപ്പും മിനുപ്പും ഫ്ലക്‌സിനോളം തന്നെ വരുമെങ്കിലും വിലയല്‍പ്പം കൂടും. ഫ്ലക്‌സില്‍ ഉപയോഗിക്കുന്ന മഷിയില്‍ അച്ചടിക്കാം. ഫ്ലക്‌സ് അച്ചടി യന്ത്രത്തില്‍ ചെറിയ മാറ്റം വരുത്തി പോളിയെസ്‌റ്റര്‍ തുണിയിലും അച്ചടിക്കാം.
ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലാകുന്ന പ്ലാസ്‌റ്റിക് നിരോധനം ഫ്ലക്‌സ് പ്രിന്റിങ്, ഹോര്‍ഡിങ് വ്യവസായങ്ങളെ വലിയ ആശങ്കയിലാക്കിയിരുന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ ഫ്ലക്‌സ് ഉപയോഗിച്ചുള്ള പരസ്യപ്രചാരണരംഗം വന്‍ വളര്‍ച്ചയാണ് നേടിയത്. ഫ്ലക്‌സ് പ്രചാരത്തിലായതോടെ പരമ്ബരാഗത പ്രചാരണ മാര്‍ഗങ്ങള്‍ നാടുനീങ്ങി. കൂറ്റന്‍ ഹോര്‍ഡിങ്ങുകള്‍ക്ക് മുന്നിലെ നിലകളില്‍ ചായപ്പാട്ടകളുമായി കയറിനിന്ന് പരസ്യചിത്രം വരയ്‌ക്കുന്ന കലാകാരന്മാരെ കാണാതായി.
പ്രതിദിനം 10–15 ലക്ഷം ചതുരശ്ര അടി ഫ്ലക്‌സ് സംസ്ഥാനത്തെ രണ്ടായിരത്തിലേറെ യൂണിറ്റുകളിലായി അച്ചടിച്ചിരുന്നതായാണ് കണക്ക്. പ്ലാസ്‌റ്റിക്കിലെ വിഷമെന്ന് അറിയപ്പെടുന്ന പോളി വിനൈല്‍ ക്ലോറൈഡ് ആണ് ഫ്ലക്‌സ്. ഇത് പുനഃചംക്രമണം ചെയ്യാനോ പുനരുപയോഗിക്കാനോ കഴിയില്ല. കത്തിച്ചാല്‍ സള്‍ഫേറ്റും നൈട്രേറ്റും പോലുള്ള വിഷപദാര്‍ഥങ്ങള്‍ അന്തരീക്ഷത്തില്‍ ശേഷിപ്പിക്കുന്ന ഫ്ലക്‌സ് മണ്ണിനെയും വായുവിനെയും മലിനമാക്കുന്നതായി പഠനങ്ങള്‍ വന്നതോടെയാണ് നിരോധന നീക്കം ശക്തമായത്. 2015ല്‍ ആദ്യ നിരോധനം നടപ്പായില്ല. അന്ന് ഫ്ലക്‌സിന് പകരം നൂറുശതമാനം പ്രകൃതി സൗഹൃദമായ പോളി എത്തിലിന്‍ ഫ്ലക്‌സ് എന്ന മാധ്യമം അച്ചടി യൂണിറ്റുകളില്‍ പരീക്ഷിച്ചതും വിജയിച്ചില്ല. തുടര്‍ന്നാണ് ഇപ്പോഴത്തെ നിരോധനത്തിന്റെ പശ്‌ചാത്തലത്തില്‍ യന്ത്ര സംവിധാനത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി പോളിയെസ്‌റ്റര്‍ തുണി പരീക്ഷിച്ചതും വിജയിച്ചതും.
ഫ്ലക്‌സിന്റെ പകരക്കാരനെ വിപണി സ്വീകരിക്കാത്തതിന്റെ ഭാഗമായ മാന്ദ്യം നിലവില്‍ ഈ രംഗത്തുള്ളതായി കേരള അഡ്വര്‍ടൈസിങ് ഇന്‍ഡസ്‌ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് തോമസ് പറഞ്ഞു. ഫ്ലക്‌സിനെ അപേക്ഷിച്ച് ചതുരശ്രയടിക്ക് മൂന്നിരട്ടി വിലയുണ്ട്. അച്ചടിക്ക് നാലുരൂപയോളം അധികമാകും. അതേസമയം ഫ്ലക്‌സിന്റെയത്ര ആയുസും മേന്മയും കിട്ടുമോ എന്ന് ഉറപ്പില്ല. അതിനാല്‍ ചെറുകിട പരസ്യദാതാക്കള്‍ മടിക്കുന്നു. അത് വിപണിയില്‍ മാന്ദ്യമുണ്ടാക്കിയിട്ടുണ്ടെന്നും വര്‍ഗീസ് തോമസ് പറഞ്ഞു. പോളിയെസ്‌റ്റര്‍ തുണിയിലേക്കുള്ള മാറ്റം തുടങ്ങിയെന്നും വൈകാതെ വിപണി സ്വീകരിക്കുമെന്നും കൊച്ചിയിലെ ഫ്ലക്‌സ് പ്രിന്റിങ് സ്ഥാപനമായ സൈന്‍ടെക് മാനേജിങ് പാര്‍ട്‌ണര്‍ പി എല്‍ ജേക്കബ് പറഞ്ഞു.