Kerala

ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത വിടവാങ്ങി

മലങ്കര മാര്‍ത്തോമ്മ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു. 104 വയസ്സായിരുന്നു. പത്തനംതിട്ട കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഒരു സമൂഹത്തെയാകെ ചിന്തയുടെയുടെയും അന്വേഷണത്തിന്‍റെയും ആത്മീയ വഴിയിൽ നയിച്ച സന്യാസ വര്യനെയാണ് മാർ ക്രിസോസ്റ്റത്തിന്‍റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. നർമത്തിലൂടെ ദൈവിക ദർശനം അനുയായികൾക്ക് പകർന്നു നൽകിയ ശൈലി ലോക പ്രശസ്തമായിരുന്നു. ജാതി മത വ്യത്യാസമില്ലാതെ ജനഹൃദയങ്ങളിൽ ഇടം പിടിച്ച മതമേലധ്യക്ഷൻമാരിൽ ഒരാളായിരുന്നു എന്ന പ്രത്യേകതയും മാർ ക്രിസോസ്റ്റത്തിനുണ്ട്.

മാർത്തോമ്മ സഭക്കും മലയാളക്കരയ്ക്കും അപ്പുറം വളർന്ന ഇടയൻമാരുടെ വലിയ ഇടയൻ. കണ്ടുമുട്ടുന്നവർക്കും കേൾക്കുന്നവർക്കും അടുത്ത് ഇടപഴകിയവർക്കും അകലങ്ങളിലുള്ളവർക്കും ഒരു പോലെ സുഹൃത്തും പിതാവും പുരോഹിതനും മെത്രാച്ചനും വഴികാട്ടിയും ഒക്കെയായി മാറിയ ധിഷണാശാലി.

രാഷ്ട്രീയത്തിൽ കൊടിയുടെ നിറം നോക്കാതെ പടർന്നു പന്തലിച്ച സൗഹൃദത്തിനുടമ. ക്രൈസ്തവ ദർശനത്തിന്‍റെ യഥാർത്ഥ സാരം വിശ്വാസ സമൂഹത്തിന് നർമത്തിന്‍റെ ഭാഷയിൽ പകർന്നു നൽകിയ ആചാര്യൻ. അതുകൊണ്ട് തന്നെ സ്വർണനാവുള്ള ഇടയൻ എന്ന പേര് അന്വർത്ഥമാക്കിയ മഹാ ഇടയൻ. പത്തനംതിട്ട ഇരവിപേരൂരിൽ 1918ൽ ജനനം.

ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യ പേര്. കോഴഞ്ചേരി, ആലുവ എന്നിവിടങ്ങളിൽ സ്കൂൾ കോളേജ് പഠനം. ബാംഗ്ലൂർ യുണിയൻ തിയോളജിക്കൽ കോളേജ്, കാന്‍റര്‍ബറി സെന്‍റ് അഗസ്റ്റിൻ കോളജ് എന്നിവിടങ്ങളിൽ ഉപരിപഠനം. 1944ൽ പട്ടക്കാരനായും 59ൽ സഭയുടെ എപ്പിസ്കോപ്പയായും ചുമതലയേറ്റു. 1999ൽ ഡോ. അലക്സാണ്ടർ മാർ‌ത്തോമ്മാ മെത്രപ്പോലീത്തയുടെ പിൻഗാമിയായി സഭയുടെ അദ്ധ്യക്ഷ സ്ഥാനത്ത് എത്തി. 2007ൽ പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകളെ തുടർന്ന് സ്ഥാനത്യാഗം ചെയ്തു. തുടർന്നുള്ള രണ്ടര പതിറ്റാണ്ട് വലിയ മെത്രാപൊലീത്ത എന്ന സ്ഥാനത്ത് അദ്ദേഹം പൊതു സമൂഹത്തിൽ സജീവമായിരുന്നു.

പ്രായത്തിന്‍റെ ബുദ്ധിമുട്ടുകളിലും രോഗാവസ്ഥയിലും അശരണർക്ക് കൈത്താങ്ങായി നിലകൊണ്ടു. സർക്കാരുകളും സന്നദ്ധ സംഘടനകളുമായി ചേർന്ന് സഭയുടെ വിവിധ സാമൂഹികക്ഷേമ പദ്ധതിക്കും നേതൃത്വം നൽകി. 2019ൽ പത്മഭൂഷൻ നൽകി രാഷ്‌ട്രം അദ്ദേഹത്തെ ആദരിച്ചു. 104ആം വയസിൽ വിട പറയുമ്പോൾ കാലവും ചരിത്രവും ജന സഹസ്രങ്ങളും എന്നും ഓർമിക്കുന്ന പോരായി മാറുകയാണ് മാർ ക്രിസോസ്റ്റം എന്ന വലിയ തിരുമേനി.