India Kerala

സംഘര്‍ഷം: പെരുമ്പാവൂര്‍ ബഥേൽ സുല്ലോക്ക പള്ളി ഒരാഴ്ചത്തേക്ക് അടച്ചിട്ടു

എറണാകുളം പെരുമ്പാവൂർ ബഥേൽ സുല്ലോക്ക പള്ളി ഇരുവിഭാഗങ്ങൾ തമ്മിൽ വീണ്ടും സംഘർഷമുണ്ടായ സാഹചര്യത്തിൽ ഒരാഴ്ചത്തേക്ക് പള്ളി അടച്ചിടാൻ തീരുമാനിച്ചു. പൊലീസ് നിർദ്ദേശത്തെ തുടർന്നാണ് പള്ളി അടച്ചിടാൻ തീരുമാനിച്ചത്. ഇന്നലെ പ്രാർത്ഥനക്കായി എത്തിയ ഓർത്തോഡോക്സ് വിഭാഗക്കാരെ യാക്കോബായ വിഭാഗം തടഞ്ഞിരുന്നു.

ഇന്നലെ കോടതി പ്രാർത്ഥനക്കായി എത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞതിനെ തുടർന്നാണ് വീണ്ടും സംഘർഷമുണ്ടായത്. പള്ളിയുടെ ഗേറ്റ് അകത്ത് നിന്ന് പൂട്ടി യാക്കോബായ വിഭാഗം ഓർത്തഡോക്സ് വിഭാഗത്തെ തടയുകയായിരുന്നു. തുടർന്ന് ഓർത്തഡോക്സ് വിഭാഗം ഗേറ്റ് പുറത്തുനിന്ന് പൂട്ടുകയും ചെയ്തു .

സംഘർഷാവസ്ഥ കണക്കിലെടുത്താണ് ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി ഒരാഴ്ചത്തേക്ക് പള്ളി അടച്ചിടാൻ പൊലീസ് നിർദ്ദേശം നൽകിയത്. എന്നാൽ മരണം പോലുള്ള അത്യാവശ്യ സന്ദർഭമുണ്ടായാൽ പള്ളി തുറന്ന് കൊടുക്കാനും ധാരണയായിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച കോടതിയുടെ അനുകൂല ഉത്തരവുമായി പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്.

അതേസമയം അനുകൂല വിധിയുണ്ടായിട്ടും പ്രവേശനം അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഓർത്തഡോക്സ് വിഭാഗം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ അധികാരികൾ യാക്കോബായ വിഭാഗത്തിന് ഒത്താശ ചെയ്യുകയാണെന്നും ഓർത്തഡോക്സ് വിഭാഗം ആരോപിക്കുന്നു.