തൃശൂരിൽ പെട്രോൾ പമ്പുടമയെ കൊലപ്പെടുത്തിയെ കേസിൽ കസ്റ്റഡിയിലുള്ളവര്‍ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി വിവരം. കയ്പമംഗലം സ്വദേശികളായ മൂന്ന് പേരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. പമ്പുടമയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തു പെട്രോൾ പമ്പുടമകൾ പ്രതിഷേധ ദിനം ആചരിക്കും.
പെട്രോൾ പമ്പിലെ കളക്ഷൻ തുക കൈവശ പ്പെടുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന നിഗമനമായിരുന്നു പൊലീസിന്. പെട്രോൾ പമ്പിന് സമീപത്തു താമസിക്കുന്ന മൂന്ന് പേരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് വിവരം. രാത്രി പെട്രോൾ പമ്പ് പൂട്ടി പോകുമ്പോൾ ദിവസ കളക്ഷൻ മനോഹരന്റെ കൈവശം ഉണ്ടാകുമെന്നും തട്ടിക്കൊണ്ടു പോയി പണം കവരാമെന്നുമായിരുന്നു അക്രമി സംഘത്തിന്റെ ചിന്ത. എന്നാൽ സംഭവ ദിവസം മനോഹരൻ പണം പമ്പിൽ സൂക്ഷിച്ചാണ് വീട്ടിലേക്കു മടങ്ങിയത്. പണം ഇല്ലെന്നു കണ്ടപ്പോൾ മനോഹരന്റെ വാച്ചും സ്വർണ മാലയും പിടിച്ചെടുക്കാൻ ശ്രമിച്ചു. മനോഹരൻ ചെറുത്തപ്പോൾ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംശയമുണ്ടായിരുന്നു മൂന്ന് പേരെ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം നടത്തിയപ്പോൾ ഇവർ മനോഹരന്റെ കാറുമായി മലപ്പുറത്തേക്ക് കടന്നതായി വിവരം ലഭിച്ചു. അങ്ങാടിപ്പുറത്ത് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മനോഹരന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ഇന്ന് സംസ്ഥാനത്തു പെട്രോൾ പമ്പുടമകൾ പ്രതിഷേധ ദിനം ആചരിക്കും. തൃശൂർ ജില്ലയിൽ ഉച്ചക്ക് ഒന്ന് മുതൽ വൈകിട്ട് അഞ്ച് വരെ പമ്പുകൾ അടച്ചിടും.