Kerala

‘വീണ്ടും കൂട്ടി’; രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന

രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് കൂട്ടുക. ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 106 രൂപ 08 പൈസയും ഡീസലിന് 93 രൂപ 24 പൈസയുമാകും.

എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വില വർധന ഇനി മിക്ക ദിവസവും ഉണ്ടാകാം. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ വില ഉയര്‍ത്തുന്ന രീതിയാകും കമ്പനികള്‍ സ്വീകരിക്കുക.

അതു കൊണ്ട് വരും ദിവസങ്ങളിലും വില വർധന പ്രതീക്ഷിക്കാം. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എണ്ണവില വർധന സര്‍ക്കാര്‍ മരവിപ്പിച്ച സമയത്ത് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയിൽ വില. അതിപ്പോള്‍ 118 ഡോളറിനരികെയെത്തിയിട്ടുണ്ട്. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും.

റഷ്യയില്‍ നിന്നും കുറ‍ഞ്ഞ നിരക്കില്‍ ക്രൂഡ് ഓയിൽ വാങ്ങാന്‍ ഇന്ത്യ നീക്കം ശക്തമാക്കിയിട്ടുണ്ട്. എണ്ണക്കമ്പനികള്‍ ഇത് സംബന്ധിച്ച നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. ഇത് വിജയം കണ്ടാല്‍ ഇന്ധന വില വർധന കാര്യമായി ഉണ്ടാകില്ല. അക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.

അതിനിടെ ഇന്ന് സംസ്ഥാനത്ത് പാചക വാതക വിലയും കൂട്ടി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു കുറ്റി സിലിണ്ടറിന് 956 രൂപയായി. അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടറിന് 13 രൂപയും കൂട്ടിയിട്ടുണ്ട്.