എസ്.എസ്.എൽ.സി പരീക്ഷയില്‍ വിജയം നേടിയ വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനു മതിയായ സീറ്റ് ലഭ്യമാകണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളുടെ നിവേദനം. മലപ്പുറം ജില്ലാ ഡെപ്യൂട്ടി കലക്റ്റർക്കാണ് വിദ്യാർത്ഥികൾ നിവേദനം സമർപ്പിച്ചത്. കാൽ ലക്ഷത്തോളം പ്ലസ് ടൂ സീറ്റുകളുടെ കുറവാണ് മലപ്പുറം ജില്ലയിലുള്ളത്.
എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 80052 വിദ്യാർത്ഥികളിൽ 78335പേരും ഉപരിപഠനത്തിന് അര്ഹത നേടി. എന്നാല്‍ ഹയര്‍സെക്കന്ററി പഠനത്തിന് ജില്ലയിൽ 60646 സീറ്റുകളാണുള്ളത്. ഉപരി പഠനത്തിനുള്ള മറ്റു അവസരങ്ങൾ കൂടി കണക്കിലെടുത്താലും ഹയർസെക്കൻഡറി പഠനത്തിന് കാൽ ലക്ഷത്തോളം കുട്ടികള്‍ക്ക് ജില്ലയില്‍ സീറ്റില്ല എന്നതാണ് വസ്തുത. ഇത് പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ മലപ്പുറം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ഡെപ്യൂട്ടി കൾക്റ്റർക്ക് നിവേദനം നൽകി.
വിവിധ വിദ്യാർത്ഥി അധ്യാപക സംഘടനകളും സീറ്റ് വർദ്ധനവ് ആവശ്യപ്പെട്ട് ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. കാലങ്ങളായുള്ള ആവിശ്യം സര്‍ക്കാര്‍ ഗൗരവത്തിൽ എടുക്കണം എന്നാണ് ആവശ്യം. കഴിഞ്ഞ തവണ 8 അധിക ബാച്ചുകള്‍ മലപ്പുറത്ത് അനുവദിച്ചിരുന്നു. ഇത്തവണയും സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തിയില്ലെങ്കിൽ ഉപരിപഠനം നടത്താൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടാകുക.