കോഴിക്കോട് മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന്‍റെ ഭാഗമായി ഇന്ന് വിദ്യാര്‍ഥികളില്‍ നിന്നും മൊഴിയെടുക്കും. വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുക.
അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പരീക്ഷ എഴുതിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ റസിയ, അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, പരീക്ഷ ചുമതലയുണ്ടായിരുന്നു പി.കെ ഫൈസല്‍ എന്നിവരെ പ്രതികളാക്കിയാണ് മുക്കം പൊലീസ് കേസെടുത്തത്. ഹയര്‍സെക്കണ്ടറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന.
അതേസമയം വകുപ്പ് തല അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാര്‍ഥികളില്‍ നിന്നും ഇന്ന് മൊഴിയെടുക്കും. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവം വിവാദമായതോടെ പ്രതിഷേധം ശക്തമായി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി. ആള്‍മാറാട്ടത്തിന്റെ പേരില്‍ ഫലം തടയപ്പെട്ട വിദ്യാര്‍ഥികളുടെ ഉപരിപഠനം നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.