എറണാകുളം ജില്ലയിലും മഴ ശക്തമായി തുടരുന്നു. നിലവിൽ ജില്ലയിൽ 72 ദുരിതാശ്വാസ ക്യാംപുകളിലായി 2360 പേരെ മാറ്റിപ്പാർപ്പിച്ചു. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ആലുവ, നെടുമ്പാശേരി, പറവൂർ, കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ, ഏലൂർ, കാലടി തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. നെടുമ്പാശേരി വിമാനത്താവളം ഞായർ 3 മണി വരെ അടച്ചിട്ടു.
കോതമംഗലത്ത് ഉരുൾപൊട്ടലുണ്ടായി. കുട്ടമ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ രണ്ട് ആനകൾ ഒലിച്ചുപോയി. ജില്ലയിലെ ഡാമുകമുടെ ജലനിരപ്പ് കഴിഞ്ഞ മൂന്ന് മണിക്കൂറായി മാറ്റമില്ലാതെ തുടരുകയാണ്. കൊച്ചി നഗരത്തിലും വെള്ളക്കെട്ട് രൂക്ഷമാണ്. കോതമംഗലത്ത് മന്ത്രി ജി സുധാകരൻ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ചു.
അടിയന്തര സാഹചര്യങ്ങൾ ചർച്ച ചെയ്യാനും ദുരിതാശ്വാസ ക്യാംപുകൾ ഏകോപിപ്പിക്കുന്നതിനും എൽദോ എബ്രഹാം എം.എൽ.എ.യുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കനാലുകളിലെ കയ്യേറ്റങ്ങൾ അടിയന്തരമായി നീക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു.