India Kerala

പെരിയ ഇരട്ടക്കൊല: പീതാംബരന്റെ മൊഴിയില്‍ വൈരുദ്ധ്യം

പെരിയ ഇരട്ട കൊലപാതകത്തില്‍ റിമാന്‍ഡിലുള്ള മുഖ്യപ്രതി പീതാംബരന്റെ മൊഴിയില്‍ വൈരുദ്ധ്യം. പീതാംബരന്‍ നാല് തവണ മാറ്റി പറഞ്ഞതോടെ മൊഴി വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് പൊലീസ്. പുറത്ത് നിന്നുള്ള ആളുകളെ പ്രതി ഭയക്കുന്നതായാണ് പൊലീസ് നിഗമനം. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്നാണ് സൂചന.

അറസറ്റിലായതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായ മുഖ്യപ്രതി പീതാംബരന്‍ ചോദ്യം ചെയ്യലില്‍ നാല് തവണ പീതാംബരന്‍ മൊഴി മാറ്റിയെന്നാണ് വിവരം. ഇരുവരെയും താന്‍ കല്ല് കൊണ്ടിടിച്ചെന്നായിരുന്നു ആദ്യ മൊഴി. പിന്നീട് ഇത് തിരുത്തി രണ്ട് പേരെയും താന്‍ വെട്ടിയെന്നാക്കി. ഈ മൊഴിയും പിന്നീട് തിരുത്തി. താനും സുഹൃത്തുക്കളും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് മാറ്റിപ്പറഞ്ഞു.

സുഹൃത്തുക്കളുമായി ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന മൊഴിയിലും വൈരുദ്ധ്യമുണ്ട്. പീതാംബരന്റെയും ഇന്നലെ അറസ്റ്റിലായ സജി സി ജോര്‍ജിന്റെയും കസ്റ്റഡിയിലുള്ള മറ്റുള്ളവരുടെയും മൊഴികളില്‍ പൊലീസിന് സംശയമുണ്ട്. പറഞ്ഞു പഠിപ്പിച്ച രീതിയിലാണ് എല്ലാവരുടെയും മൊഴിയെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇവരല്ലാത്തവര്‍ക്കും കേസില്‍ ബന്ധമുണ്ടെന്ന സംശയം ഇതുവരെ ദൂരീകരിച്ചിട്ടില്ല. ഗൂഢാലോചനയും ക്വട്ടേഷന്‍ സംഘങ്ങളുടെ പങ്കും അന്വേഷിക്കുമെന്ന് കണ്ണൂര്‍ റേഞ്ച് ഐ.ജി പറഞ്ഞു.

സംഭവത്തില്‍ സിബിഐ അന്വേഷണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. എന്നാല്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കുമെന്നാണ് വിവരം. കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന കാസര്‍കോട് ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞിരുന്നു. ക്രൈം ബ്രാഞ്ച് എസ്.പി യായാണ് സ്ഥാന മാറ്റം.