പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ മുഖ്യപ്രതി ആയ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ അടുത്ത അനുയായികൾ ആണ് പ്രതികൾ എന്നതിനാൽ അവർക്ക് ജാമ്യം നൽകുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ഈ വാദം കോടതി അംഗീകരിച്ചു.
പെരിയ ഇരട്ടകൊലപാതക കേസിലെ 9 മുതൽ 11 വരെ പ്രതികളായ മുരളി, രഞ്ജിത്ത്, പ്രദീപ് എന്നിവർ നൽകിയ ജാമ്യ ഹരജികളാണ് തള്ളിയത്. കുറ്റകൃത്യത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും കെട്ടിച്ചമച്ച കേസാണിതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യാപേക്ഷ നൽകിയത്. പ്രതികളുടെ പങ്ക് തെളിയിക്കാൻ സാധിക്കുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചു.
എന്നാൽ കേസിന്റെ ഈ ഘട്ടത്തിൽ അത്തരം വിശദാംശങ്ങളിലേക്ക് കടക്കാൻ കോടതി തയ്യാറായില്ല. കേസിലെ മുഖ്യപ്രതി ആയ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ അടുത്ത അനുയായികൾ ആണ് പ്രതികൾ എന്നതിനാൽ അവർക്ക് ജാമ്യം നൽകുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കും. ജാമ്യത്തിൽ ഇറങ്ങിയാൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
പ്രതികൾക്ക് ജാമ്യം നൽകുന്നത് പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ജാമ്യത്തിൽ ഇറങ്ങിയാൽ പ്രതികളുടെ ജീവന് തന്നെ ഭീഷണി ഉണ്ടാകുന്ന സാഹചര്യം ഉണ്ടെന്നും നിരീക്ഷിച്ചാണ് കോടതിയിൽ ജാമ്യാപേക്ഷ തള്ളിയത്. സി.പി.എം പ്രാദേശിക നേതാവായിരുന്ന പീതാംബരനെ ആക്രമിച്ച സംഭവത്തിൽ പകവീട്ടാൻ ഫെബ്രുവരി 17ന് പ്രതികളുൾപ്പെട്ട സംഘം കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയെന്നാണ് കേസ്.