Kerala

പെരിങ്ങോട്ടുകര ശ്രുതിയുടെ മരണം; നീതി കിട്ടിയെന്ന് വിശ്വസിക്കുന്നില്ലെന്ന് മാതാപിതാക്കൾ

പെരിങ്ങോട്ടുകര ശ്രുതിയുടെ മരണത്തിൽ പ്രതികരിച്ച് മാതാപിതാക്കൾ. ഭർത്താവ് അരുൺ, ഭർത്താവിന്റെ അമ്മ ദ്രൗപതി എന്നിവർ അറസ്റ്റിലായെങ്കിലും നീതി ലഭിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് മാതാപിതാക്കളായ സുബ്രഹ്മണ്യനും ശ്രീദേവിയും പ്രതികരിച്ചു. നിലവിലെ അറസ്റ്റ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ്. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും കുടുംബം വ്യക്തമാക്കി.

“അറസ്റ്റ് നടന്നെന്നുപറഞ്ഞ് ക്രൈംബ്രാഞ്ച് വിളിച്ചിരുന്നു. സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിച്ചപ്പോഴാണ് ഇങ്ങനെ ഒരു മാറ്റമുണ്ടായത്. രണ്ടര വർഷമായി മകൾ മരണപ്പെട്ടിട്ട്. കേറിയിറങ്ങാത്ത കടമ്പകളില്ല. മുഖ്യമന്ത്രി മുതൽ കേരളത്തിലെ ഒരുവിധം മന്ത്രിമാരെ കണ്ടിട്ടുപോലും നീതി ലഭിച്ചില്ല. ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഇതിനൊരു വഴിത്തിരിവ് ലഭിച്ചത്. ഇതിനു കൂട്ടുനിന്ന എല്ലാ മാധ്യമങ്ങൾക്കും പ്രത്യേകിച്ച് 24ന് നന്ദി അറിയിക്കുന്നു. നീതി കിട്ടിയെന്ന് പൂർണമായി വിശ്വസിക്കുന്നില്ല. ഒരു അറസ്റ്റ് കൊണ്ട് പരിഹാരമാവില്ല. എന്തിനവളെ കൊലപ്പെടുത്തിയെന്ന സത്യം അവർ തുറന്നുപറയണം. ഈ മരണത്തിൽ അവർക്ക് പങ്കില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും സംശയാസ്പദമായ കുറേ കാര്യങ്ങളുണ്ട്. ആ തെളിവുകൾ കൊടുത്തിട്ടുള്ളതാണ്.”- പിതാവ് സുബ്രഹ്മണ്യൻ പറഞ്ഞു.

“ഉണ്ടായത് സ്ത്രീധന മരണമാണെന്നും മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും ഞാൻ വിശ്വസിക്കുന്നു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. കേരള പൊലീസ് വേണ്ട വിധത്തിൽ അന്വേഷിച്ചില്ല.”- പിതാവ് കൂട്ടിച്ചേർത്തു.

“സത്യം പുറത്തുകൊണ്ടുവരണം. കൊലപാതകമാണെന്ന് 100 ശതമാനം വിശ്വസിക്കുന്നു. സിബിഐ അന്വേഷണം വേണം. അവർക്ക് ശിക്ഷ നൽകണം.”- മാതാവ് ശ്രീദേവി പ്രതികരിച്ചു.

ഇന്നലെയാണ് ശ്രുതിയുടെ ഭർത്താവ് അരുൺ, ഭർത്താവിന്റെ അമ്മ ദ്രൗപതി എന്നിവർ അറസ്റ്റിലായത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് മരണമെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തലിന് പിന്നാലെയാണ് അറസ്റ്റ്. ഇരുവർക്കുമെതിരെ സ്ത്രീധന പീഡന മരണം കുറ്റം (304 ബി) ചുമത്തി. ഇരുവരെയും ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കി.

2020 ജനുവരി 6നാണ് ശ്രുതിയെ പെരിങ്ങോട്ടുകരയിലെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരുണുമായുള്ള വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലായിരുന്നു മരണം. ലോക്കൽ പൊലീസ് അന്വേഷണത്തിൽ അട്ടിമറി നടത്തിയെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണവും കാര്യക്ഷമമല്ലെന്നാണ് കുടുംബം പറയുന്നത്.