Kerala

കഞ്ചിക്കോട്ടെ പെപ്സി കമ്പനി അടച്ചുപൂട്ടി

പാലക്കാട് കഞ്ചിക്കോട്ടെ പെപ്സി കമ്പനി അടച്ചുപൂട്ടി. സ്ഥാപനം പൂട്ടുന്നതായി കാണിച്ച് പെപ്സി പ്ലാന്‍റ് നിലവിൽ നടത്തുന്ന വരുൺ ബിവറേജസ് സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകിയിരുന്നു. സേവന വേതന കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സമരം തുടരുന്നതിനിടെയാണ് കഞ്ചിക്കോട്ടെ പ്ലാന്‍റ് അടച്ചുപൂട്ടിയത്.

2001ലാണ് കഞ്ചിക്കോട് പെപ്സിയുടെ ഉത്പാദന കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. അമിത ജലചൂഷണം നടത്തിയതിനാൽ കമ്പനിക്കെതിരെ പല കോണുകളിൽനിന്നും പ്രതിഷേധം ഉയർന്നിരുന്നു. സേവന വേതന വ്യവസ്ഥകൾ പുതുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സമരം ആരംഭിച്ചു. 2019 മാർച്ചിൽ തൊഴിലാളി സമരത്തിന്‍റെ പേര് പറഞ്ഞ് കമ്പനി താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചിരുന്നു. തുടർന്ന് വരുൺ ബീവറേജസ് എന്ന മറ്റൊരു കമ്പനിക്ക് ഉൽപ്പാദനത്തിന് കൈമാറി.ഉൽപാദനം വരുൺ ബിവറേജസ് ഏറ്റെടുത്തെങ്കിലും തൊഴിലാളി സമരം തുടർന്നു. കരാർ തൊഴിലാളികൾക്ക് 605 രൂപയാണ് ദിവസ വേതനം,41 ശതമാനം വർദ്ധനവാണ് ആവശ്യപ്പെട്ടത് .എന്നാൽ നിരന്തര ചർച്ചകൾ നടത്തിയിട്ടും, തൊഴിലാളി സംഘടനകളോ ഉൽപാദകരോ വിട്ടുവീഴ്ചക്ക് തയ്യാറായില്ല .

വരുൺ ബിവറേജസ് കമ്പനി അടച്ചുപൂട്ടുകയാണെന്ന് കാണിച്ച് നോട്ടീസ് പുറപ്പെടുവിച്ചു. 14 ദിവസത്തിനകം തൊഴിലാളികൾ സമരം അവസാനിപ്പിച്ചില്ലെങ്കിൽ കമ്പനി പൂ‍ട്ടുമെന്നാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ശേഷം കഴിഞ്ഞ ഏഴു മാസത്തോളം ആയി കമ്പനി അടഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോൾ പൂർണമായും കമ്പനി പൂട്ടാൻ തീരുമാനിച്ചു.

സ്ഥാപനം അടച്ചു പൂട്ടുന്നതോടെ നാനൂറോളം പേർക്ക് തൊഴിൽ നഷ്ടമാവും. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് അടുത്ത മൂന്ന് മാസത്തിനകം നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വൻതോതിൽ ഭൂഗർഭ ജലം ഊറ്റുന്നതിനാൽ സമീപ പ്രദേശങ്ങളിൽ ജലക്ഷാമം അനുഭവപ്പെട്ടിരുന്നു. വേനൽ കാലങ്ങളിൽ കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കാൻ പുതുശ്ശേരി പഞ്ചായത്ത് നോട്ടീസ് നൽകാറുണ്ട്.പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിക്ക് പിന്നാലെയാണ് പെപ്സിയും പ്രവർത്തനം നിർത്തി പാലക്കാട് നിന്നും പോകുന്നത്.