നവകേരള സദസിലെ പ്രഭാത യോഗങ്ങളിൽ ലഭിക്കുന്ന ജനകീയ നിർദേശങ്ങൾ സർക്കാരിന്റെ നയരൂപീകരണത്തിനു സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ഭാഗമായി കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവൻഷൻ സെന്ററിൽ നടന്ന പ്രഭാത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നെയ്യാറ്റിൻകര, കാട്ടാക്കട, പാറശാല, അരുവിക്കര മണ്ഡലങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചാണ് പ്രഭാത സദസ് സംഘടിപ്പിച്ചത്.
കേരളം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ ജനസമക്ഷം അവതരിപ്പിക്കുന്നതിനാണ് നവകേരള സദസ് എന്ന ആശയം സർക്കാർ മുന്നോട്ടുവച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ എല്ലാ മേഖലകളിലുമുള്ള ഒട്ടേറെ പേർ പ്രഭാത യോഗങ്ങളിൽ പങ്കെടുത്തു. ഭാവി കേരളം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചുള്ള വൈവിധ്യങ്ങളായ കാഴ്ചപ്പാട് നൽകുന്നതായിരുന്നു ഈ യോഗങ്ങളെല്ലാം. സർക്കാരിന്റെ ഭാവി പ്രവർത്തനങ്ങൾക്കും സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനും സഹായകമായ ഒട്ടേറെ നിർദേശങ്ങൾ ലഭിച്ചു. ഇവയെല്ലാം ഗൗരവമായിത്തന്നെ സർക്കാർ പരിഗണിക്കുമെന്നും മുഖ്യമന്ത്രി.
വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായുള്ള അനുബന്ധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സർക്കാർ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്ന് പ്രഭാത സദസിൽ ഉയർന്ന ആശയ നിർദേശങ്ങൾക്കുള്ള മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്തുനിന്ന് ആരംഭിക്കുന്ന റിങ് റോഡ് പദ്ധതി വലിയ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യംവച്ചുള്ളതാണ്. ഇതിന്റെ ഭാഗമായി ഒട്ടേറെ സംരംഭങ്ങൾ വരും. ഭൂമി ഏറ്റെടുക്കൽ മാത്രമാക്കാതെ ഭൂമി വിട്ടുതരുന്നവരെക്കൂടി ഈ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ കഴിയുമോയെന്നാണു സർക്കാർ ആലോചിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണ ദർശനങ്ങളുടെ വ്യാപ്തി ലക്ഷ്യംവച്ച് അരുവിപ്പുറത്ത് സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന സാംസ്കാരിക നിലയത്തിന്റെ നിർമാണം വേഗത്തിലാക്കും. ലത്തീൻ കത്തോലിക്ക വിഭാഗത്തിന്റേതടക്കമുള്ള പ്രശ്നങ്ങളിൽ സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ട്. ജസ്റ്റിസ് ജെ.ബി. കമ്മിഷൻ റിപ്പോർട്ട് വിശദമായ പഠനം നടത്തി നടപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനു സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ്. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിലൊന്നും നടപ്പാക്കിയിട്ടില്ലാത്ത പദ്ധതികൾ ഇവിടെ വന്നു. ഈ മാതൃക അവിടങ്ങളിലും നടപ്പാക്കുന്നതിനു പ്രക്ഷോഭങ്ങൾവരെയുണ്ടായി. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ അവർക്കൊപ്പംനിന്നു സർക്കാർ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.