കവളപ്പാറ ദുരിതബാധിതർക്ക് വീട് വെച്ച് നൽകാൻ പദ്ധതിയൊരുങ്ങുന്നു. പീപ്പിൾസ് ഫൗണ്ടേഷനും ഇംപെക്സ് ഗ്രൂപ്പും റീ-ബിൽഡ് നിലമ്പൂരും സഹകരിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. 10 മാസത്തിനകം പദ്ധതി പൂർത്തീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നിലമ്പൂർ കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്ടപ്പെട്ട 60 കുടുംബങ്ങൾക്ക് വീടും സ്ഥലവും നൽകുന്നതാണ് പദ്ധതി. സാമൂഹ്യ ജനക്ഷേമ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്പിൾസ് ഫൗണ്ടേഷനും പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഇംപെക്സും ചേർന്നാണ് വീടുകൾ ഒരുക്കുന്നത്. വീടിന് ആവശ്യമായ സ്ഥലം പി.വി അബ്ദുൽ വഹാബ് എംപി മുഖ്യ രക്ഷാധികാരിയും പി വി അൻവർ എംഎൽഎ ചെയർമാനുമായ “റീ-ബിൽഡ് നിലമ്പൂർ” സർക്കാരുമായി സഹകരിച്ച് കണ്ടെത്തി നൽകും. 500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് ഓരോ കുടുംബത്തിനുമായി നിർമ്മിക്കുക. ഭൂമി വില കൂടാതെ ഏകദേശം നാല് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ നിർമ്മാണ മേഖലയിലെ പ്രമുഖ ഏജൻസികളുടെ സഹായവും ലഭ്യമാക്കും. ഭൂമി ലഭ്യമാക്കുന്ന മുറയ്ക്ക് 10 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പി.വി അൻവർ എം.എൽ.എ, പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ്, ഇംപെക്‌സ് മാനേജിങ് ഡയറക്ടർ സി.നുവൈസ്, ഡയറക്ടർമാരായ പി.ഉമ്മർ, മുഹമ്മദലി പനച്ചിക്കൽ, പീപ്പിൾസ് ഫൗണ്ടേഷൻ ഭാരവാഹി സമദ് കുന്നക്കാവ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.