Kerala

ജനങ്ങൾ അധിക നികുതി അടയ്ക്കേണ്ട, ഇതിനെതിരെ നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കും; കെ. സുധാകരൻ

മാധ്യമങ്ങൾ നിശബ്ദരാണെന്നും മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോടും പുച്ഛമാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മാധ്യമ വാർത്തകൾ കണ്ട് സമരത്തിനിറങ്ങുന്ന പാർട്ടിയല്ല കോൺഗ്രസ്. അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ് ജനങ്ങളോടാവശ്യപ്പെടുകയാണ്. ഇതിനെതിരെ നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കും.അധിക നികുതി പാർട്ടി പ്രവർത്തകർ അടക്കില്ലെന്ന് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പിണറായി പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും ഒടുവിൽ തദ്ദേശ സ്ഥാപനങ്ങളോട് ആയിരം കോടി പിരിക്കാൻ പറഞ്ഞിരിക്കുകയാണ്. അത് സാധാരണക്കാരനെ വീണ്ടും ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. രാഷ്ട്രീയ പുനരധിവാസത്തിന് ലക്ഷങ്ങൾ ചെലവിട്ട് നിയമനങ്ങൾ നടത്തുകയാണ്. മുഖ്യമന്ത്രി ഗോസംരക്ഷണത്തിന്റെ ബിജെപി മാതൃക കാട്ടുകയാണ്. കൗ ഹഗ് ഡേ കേരളത്തിൽ നടത്തുമോ എന്നേ അറിയാനുള്ളൂവെന്നും കെ.സുധാകരൻ പരിഹസിച്ചു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് 17 തവണ ഇന്ധന നികുതി കൂട്ടിയെന്ന ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വാദം കല്ലുവെച്ച നുണയാണ്. അന്താരാഷ്ട്രവിപണയിൽ അസംസ്‌കൃത എണ്ണയുടെ വില മാറുന്നതിനനുസരിച്ച് വില നിർണയിക്കുന്ന രീതി വന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാർ വില കൂട്ടിയതനുസരിച്ച് യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇന്ധന നികുതി കൂടിയതെന്ന് കെ സുധാകരൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടാകാത്ത വിധത്തിൽ ഇന്ധനനികുതി കുത്തനേ കൂട്ടിയിട്ട് അതിനെ ന്യായീകരിക്കാൻ യുഡിഎഫിനെ പഴിക്കുകയാണ് ധനമന്ത്രി ചെയ്യുന്നതെന്ന് കെ സുധാകരൻ ആഞ്ഞടിച്ചു.

കേന്ദ്രം വില കൂട്ടിയപ്പോൾ നാലു തവണ അധികനികുതി വേണ്ടെന്നുവച്ച് യുഡിഎഫ് സർക്കാർ ജനങ്ങൾക്ക് 619.17 കോടിയുടെ സമാശ്വാസം നൽകിയെന്ന് കെ സുധാകരൻ പറയുന്നു. സർക്കാർ ഈ മാതൃക പിന്തുടർന്നില്ലെന്നു മാത്രമല്ല ഇപ്പോൾ ലിറ്ററിന് 2 രൂപ സെസ് കൂട്ടുകയും ചെയ്തു. ഇതോടെ കേരളത്തിൽ ശരാശരി വില പെട്രോളിന് 107.59 രൂപയും ഡീസലിന് 96.53 രൂപയുമായി കുത്തനേ ഉയർന്നു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന രീതിയിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

രാജ്യത്ത് ഇന്ധനങ്ങൾക്ക് ഏറ്റവുമധികം നികുതിയും വിലയുമുള്ള സംസ്ഥാനമാണ് കേരളം. പെട്രോളിന് എക്സൈസ് നികുതി 19.90 രൂപയും സംസ്ഥാന വിൽപ്പന നികുതി 23.32 (30.08%) രൂപയുമാണ്. പെട്രോളിന് എക്സൈസ് നികുതി 15.80 രൂപയും സംസ്ഥാന വിൽപ്പന നികുതി 16.90 ( 22.76%) രൂപയുമാണ്. ഇതു കൂടാതെയാണ് ഇപ്പോൾ 2 രൂപയുടെ സെസ്.