Kerala

ജനങ്ങള്‍ കടക്കെണിയില്‍; കൂടുതല്‍ കൊവിഡ് പാക്കേജുകള്‍ പ്രഖ്യാപിക്കണം: സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവ്

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദഗ്ധരുടെ അഭിപ്രായം അവഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. സംസ്ഥാനത്ത് എന്താണ് നടക്കുന്നത് എന്നതില്‍ സര്‍ക്കാരിന് ധാരണ വേണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങളില്‍ ആവശ്യമായ ഇളവുകള്‍ അനുവദിക്കണം. വിദഗ്ധരുടെ അഭിപ്രായം മാനിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു നിലപാട്, ശേഷം മറ്റൊന്ന് എന്നതാണ് സര്‍ക്കാര്‍ നയം. അത് ശരിയല്ല.

കഴിഞ്ഞ പ്രാവശ്യം മൊറട്ടോറിയം പ്രഖ്യാപിച്ച ഗവണ്‍മെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വീടുകളുടെ മുന്നില്‍ റിക്കവറി നോട്ടിസ് പതിപ്പിച്ചത് കാണുന്നില്ലേ. ജനങ്ങള്‍ കടക്കെണിയിലാണ്. ബാങ്കുകളുടെ യോഗം വിളിച്ച് ചേര്‍ക്കണം. കേരളത്തില്‍ ഇനി കടക്കെണിയില്‍ പെട്ട ആളുകള്‍ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി സര്‍ക്കാര്‍ ആയിരിക്കും. റിക്കവറി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണം. സകല മേഖലകളും തകര്‍ന്ന് തരിപ്പണമായിയെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.