Kerala

തപാൽ വോട്ടിനിടെ പെൻഷൻ: വോട്ടറെ സ്വാധീനിക്കാൻ ശ്രമമെന്ന് പരാതി

കായംകുളത്ത് തപാൽ വോട്ടിനിടെ പെൻഷൻ നൽകി വോട്ടറെ സ്വാധീനിക്കാൻ ശ്രമമെന്ന് യുഡിഎഫ് പരാതി. പോളിംഗ്‌ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബാങ്ക് ജീവനക്കാരൻ പെൻഷൻ നൽകിയതാണ് വിവാദമായത്. പിണറായി സർക്കാരിന് തുടർഭരണം ലഭിച്ചാൽ തുക വർധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥൻ വാഗ്ദാനം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. നടപടി ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി.

കായംകുളം നഗരസഭയിലെ 77ആം നമ്പർ ബൂത്തിലാണ് ഗുരുതര ചട്ടലംഘനം നടന്നെന്ന പരാതി ഉയർന്നത്. എൺപത് വയസ്സു പിന്നിട്ട സ്ത്രീക്ക് തപാൽവോട്ട് രേഖപ്പെടുത്താൻ പോളിംഗ്‌ സംഘം വീട്ടിലെത്തി. ഇവർക്കൊപ്പം പെരിങ്ങാല സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമുണ്ടായിരുന്നു. ഒരുവശത്ത് വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ, മറുവശത്ത് ബാങ്ക് ജീവനക്കാരൻ പെൻഷൻ തുക എണ്ണിത്തിട്ടപ്പെടുത്തി വൃദ്ധയ്ക്ക് നൽകി. സർക്കാരിന് തുടർഭരണം ലഭിച്ചാൽ പെൻഷൻ തുക വർധിക്കുമെന്ന് ഇയാൾ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

ബാങ്ക് ജീവനക്കാരനെ കൂടാതെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പെൻഷൻ നൽകാൻ വീടുകളിൽ കയറിയിറങ്ങുന്നുണ്ടെന്നാണ് കോൺഗ്രസ് ആരോപണം. സംഭവത്തിൽ ആലപ്പുഴ ജില്ലാ കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും യുഡിഎഫ് പരാതി നൽകി.

അതേസമയം, പെൻഷൻ വിതരണം ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാരനെ തങ്ങൾക്ക് അറിയില്ലെന്നാണ് പോളിംഗ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.