Kerala

തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കും; പഴയ വകുപ്പുകള്‍ തിരികെ കിട്ടുമെന്ന് പ്രതീക്ഷയില്‍ മന്ത്രി സജി ചെറിയാന്‍

വകുപ്പുമായി ബന്ധപ്പെട്ട, സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയാണ് മുന്‍പിലുള്ള ലക്ഷ്യമെന്ന് രണ്ടാമൂഴത്തില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാന്‍. 75 ശതമാനം പദ്ധതികളും പൂര്‍ത്തീകരിച്ചു. പഴയ വകുപ്പുകള്‍ തന്നെ അനുവദിച്ച് തരുമെന്ന് പ്രതീക്ഷിക്കുന്നതായി സജി ചെറിയാന്‍ പറഞ്ഞു.

നേരത്തെ തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കും. തീരമേഖലയിലെ പദ്ധതികള്‍ നിര്‍വഹിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് പിണറായി സര്‍ക്കാരില്‍ വലിയ പ്രതീക്ഷയാണെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.
ഗവര്‍ണര്‍ തന്നെ നല്ല രീതിയിലാണ് സ്വീകരിച്ചത്. ഗവര്‍ണറും സര്‍ക്കാരും ഒന്നാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. പ്രതിപക്ഷത്തെ കൂട്ടിച്ചേര്‍ത്ത് മുന്നോട്ടുപോകും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജിവെച്ച് 182 ദിവസത്തിനുശേഷമാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയത്. സഗൗരവമായിരുന്നു സജി ചെറിയാന്റെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, സ്പീക്കര്‍, കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ സാക്ഷികളായി. ഇന്നലെ ഉച്ചവരെ ഇടഞ്ഞു നിന്നിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞക്കു ശേഷം സെക്രട്ടേറിയറ്റ് അനക്സിലെ ഓഫീസിലെത്തി സജി ചെറിയാന്‍ ചുമതല ഏറ്റെടുത്തു.ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷം കരിദിനമായി ആചരിച്ചു. പ്രതിപക്ഷം ഏതൊരു വിഷയത്തേയും നെഗറ്റീവായി കാണുന്നുവെന്ന് സജി ചെറിയാന്‍ കുറ്റപ്പെടുത്തി. അദ്ദേഹത്തെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഇന്നലെ ഉച്ചയോടെയാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. അതിനു മുന്‍പു വരെ അസാധാരണ സാഹചര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ നിലപാടിന് അനുകൂലമായി നിയമോപദേശങ്ങള്‍ ലഭിച്ചതോടെയാണ് ഗവര്‍ണര്‍ നിലപാട് തിരുത്തിയത്.