പൗരത്വ നിയമത്തിനെതിരെ പി.ഡി.പിയുടെ വിമാനത്താവള ഉപരോധം. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള എല്ലാ വഴികളും തടഞ്ഞായിരുന്നു സമരം. ഉപരോധ സമരം മണിക്കൂറുകള്‍ നീണ്ടതോടെ വിമാന സർവ്വീസുകൾ താറുമാറായി.
പൗരത്വ നിയമം പിൻവലിക്കുക, പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പി.ഡി.പി കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന ഉപരോധസമരം മണിക്കൂറുകൾ നീണ്ടു.
ഹജ്ജ് ഹൗസിന് മുന്നിൽ നിന്നും പ്ലാസ റോഡ്, കുമ്മിണിപ്പറമ്പ് റോഡ് ഭാഗങ്ങളിൽ നിന്നുമായി പ്രവർത്തകർ പ്രകടനമായി വിമാനത്താവളത്തിന് മുന്നിലെത്തി സമ്പൂർണ ഉപരോധം തീർത്തു.
ഉപരോധം മണിക്കൂറുകള്‍ നീണ്ടതോടെ വിമാന സർവ്വീസുകൾ താറുമാറായി. യാത്രക്കർക്കൊപ്പം ജീവനക്കാർക്കും സമയത്ത് വിമാനത്താവളത്തിൽ എത്താനായില്ല. മനുഷ്യാവകാശ പ്രവര്‍ത്തകരായ ഗ്രോ വാസു, സി കെ അബ്ദുല്‍അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.