ലോക്സഭ തെരഞ്ഞെടുപ്പില്‍ പി.സി.സി അധ്യക്ഷന്മാരും പ്രചാരണ സമിതി ചെയർമാൻമാരും മത്സരിക്കേണ്ടെന്ന് എ.ഐ.സി.സിയിൽ ധാരണ. സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് താത്പര്യങ്ങൾക്ക് തടയിടും. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന രീതി മാറ്റാനും തീരുമാനമായി. വൈകീട്ട് ചേരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനം ഹൈകമാൻഡ് വിശദീകരിക്കും.
വിജയ സാധ്യത മാത്രം മാനദണ്ഡമാക്കിയാണ് കോൺഗ്രസിന്റെ നീക്കം. ഇതിൻറെ ഭാഗമായാണ് ഹൈകമാൻഡ് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്. പി.സി.സി അധ്യക്ഷന്മാരും പ്രചാരണ സമിതി ചെയർമാൻമാരും മത്സരിക്കേണ്ടെന്നാണ് ധാരണ. മത്സരിക്കാനില്ലെന്ന് കേരള പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് താത്പര്യങ്ങൾക്ക് തടയിടും. സാധാരണയായി സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ഹൈകമാൻഡ് നേതാക്കൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന രീതി ഇത്തവണ ഉണ്ടാകില്ല. സ്ക്രീനിംഗ് കമ്മിറ്റികളിൽ സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയെയും ഉൾപ്പെടുത്തി.
അന്തിമ സ്ഥാനാർത്ഥി പട്ടിക 25ന് മുമ്പായി പൂർത്തിയാക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി എല്ലാ സംസ്ഥാനങ്ങളിലും എത്താന്‍ സാധ്യതയുണ്ട്.