കോട്ടയം സീറ്റ് ലഭിച്ചാല്‍ പി.സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. എന്‍.ഡി. എ നേതാക്കള്‍ അനൌദ്യോഗികമായി അനുമതി നല്‍കിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും കേരള കോണ്‍ഗ്രസ് ആരംഭിച്ചു.
നാല് സീറ്റെന്ന ആവശ്യം എന്‍.ഡി.എയില്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും കോട്ടയം സീറ്റിന്റെ കാര്യത്തില്‍ മാത്രമാണ് ചില ധാരണകള്‍ ഉണ്ടായിട്ടുള്ളത് എന്‍.ഡി.എ നേതാക്കള്‍ തന്നെ കോട്ടയത്ത് പി.സി തോമസ് മത്സരിക്കണമെന്ന ആവശ്യം അനൌദ്യോഗികമായി ഉന്നയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കോട്ടയം സീറ്റില്‍ പി.സി തോമസിനെ തന്നെ മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചത്.
ചാലക്കുടി, ഇടുക്കി, വയനാട് അടക്കമുള്ള സീറ്റുകള്‍ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. അടുത്ത എന്‍.ഡി.എ യോഗത്തില്‍ മറ്റ് സീറ്റുകളുടെ കാര്യം ശക്തമായി ഉന്നയിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
കോട്ടയം മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് തോമസിന് അനുകൂലമായി എന്‍.ഡി.എ നേതൃത്വം കാണുന്നത്. ക്രൈസ്തവരുടേതടക്കമുള്ള മതസാമുദായിക സംഘടനകളുടേയും വോട്ടുകള്‍ നേടാന്‍ തോമസിന് കഴിയുമെന്നും ഇവര്‍ കണക്ക് കൂട്ടുന്നു. അതുകൊണ്ട് തന്നെ കോട്ടയത്ത് മറ്റൊരു സ്ഥാനാര്‍ത്ഥിയെ എന്‍.ഡി.എ തേടില്ല.