Kerala

പൊലീസ് ആവശ്യപ്പെടുന്ന ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാം; പി സി ജോർജ്

വിദ്വേഷ പ്രസം​ഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറെന്ന് കാട്ടി പി സി ജോർജ്പൊലീസിന് കത്തയച്ചു. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്കാണ് കത്ത് അയച്ചത്. ആരോ​ഗ്യ പ്രശ്നങ്ങളാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലും ആണ് ചോദ്യം ചെയ്യലിന് ഹാജരാകാഞ്ഞതെന്ന് പി സി ജോർജ് നൽകിയ കത്തിൽ പറയുന്നുണ്ട്. സമയവും സ്ഥലവും മുൻകൂട്ടി അറിയിച്ചാൽ ഉപകാരമാകുമെന്നും പൊലീസിന് നൽകി കത്തിൽ പി സി ജോർജ് പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അറിയിച്ച് പൊലീസ് പി സി ജോർജിന് കത്ത് നൽകിയെങ്കിലും ഹാജരാകാനില്ലെന്ന് വ്യക്തമാക്കിയ ജോർജ് തൃക്കാക്കരയിൽ എൻ ഡി എയുടെ പ്രചാരണത്തിനെത്തുകയായിരുന്നു.

ജോർജിന്റെ നിലപാടിൽ എന്ത്‌ നടപടി വേണമെന്നതിൽ പൊലീസ്‌ നിയമോപദേശം തേടും. തുടർന്ന്‌ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതിയുടെ ജാമ്യവ്യവസ്ഥകൾ നേരത്തേ ജോർജ്‌ ലംഘിച്ചിരുന്നു. കോടതി വ്യവസ്ഥയ്‌ക്ക്‌ വിരുദ്ധമായി മതവിദ്വേഷ പ്രസംഗം നടത്തിയതിനെത്തുടർന്ന്‌ ജാമ്യം റദ്ദാക്കി ജോർജിനെ ജയിലിലിട്ടിരുന്നു. തുടർന്ന്‌, ഹൈക്കോടതിയെ സമീപിച്ചാണ്‌ ജാമ്യം നേടിയത്‌.