Kerala

വിദ്വേഷ പ്രസംഗക്കേസ്; പിസി ജോർജിനു ജാമ്യം

വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിനു ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. വെണ്ണലയിലും തിരുവനന്തപുരത്തും നടത്തിയ രണ്ട് പ്രസംഗങ്ങൾക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രായവും ജനപ്രതിനിധിയാണെന്നതും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കർശനമായ ഉപാധികളോടെയാണ് ജാമ്യം. സമാനമായ പ്രസംഗങ്ങൾ നടത്തരുത്, ചോദ്യം ചെയ്യലിനു ഹാജരാവണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവച്ചത്. ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കും.

ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷൻ മുന്നോട്ടുവച്ചത്. പിസിയെ ആര് നിയന്ത്രിക്കുമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രസ്താവനയാണ് അദ്ദേഹം ആവർത്തിച്ചുനടത്തിയത്. ആ ഘട്ടത്തിലും ഉപാധികളുണ്ടായിരുന്നു. അത് പാലിക്കപ്പെട്ടില്ല എന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, കോടതിയിൽ കേസ് എത്തിയതിനു ശേഷം പിസി മിണ്ടിയിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. അദ്ദേഹം പാഠം പഠിച്ചു എന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.