India Kerala

പട്ടികജാതി സമത്വ സമാജം കുമ്മനത്തിന് പിന്തുണ പ്രഖ്യാപിച്ചു

തിരുവനന്തപുരം:  പട്ടികജാതി മതേതര സമത്വ സമാജം എന്‍ഡിഎക്ക്  പിന്തുണ പ്രഖ്യാപിച്ചു. മാര്‍ച്ച് 31ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് പിന്തുണ നല്‍കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും പട്ടികജാതിക്കാരന്‍ കോളനികളില്‍ തന്നെയാണ് ജീവിതം കഴിച്ചുകൂട്ടുന്നത്. കേന്ദ്ര സര്‍ക്കാര്‍ പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിന് തുകയാണ് അനുവദിക്കുന്നത്. ഇത് അര്‍ഹരായവര്‍ക്ക് ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല. ഈ ഫണ്ടുകള്‍ എങ്ങനെ ചെലവഴിക്കുന്നു എന്ന് ആര്‍ക്കും അറിയില്ല.

പട്ടികജാതിക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഉണ്ടാകാന്‍ കേന്ദ്രത്തില്‍ വീണ്ടും മോദി ഭരണം വരണം അതിനാലാണ് തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നതിലേക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ പട്ടികജാതി മതേതര സമത്വ സമാജം രക്ഷാധികാരി അപ്പുജപമണി, സംസ്ഥാന പ്രസിഡന്റ് പാറശാല വിജയേന്ദ്രന്‍, സെക്രട്ടറി ജോയി.എസ്., അനിലകുമാരി, വത്സല, പുഷ്പിത, അജിത് സിംഗ് എന്നിവര്‍ പങ്കെടുത്തു.