India Kerala

40 വര്‍ഷത്തിലധികമായി ഭൂമിക്ക് പട്ടയം ലഭിക്കാതെ എറണാകുളം കൊച്ചുപുരയ്ക്കല്‍കടവിലെ നിരവധി കുടുംബങ്ങള്‍

പലതവണ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തങ്ങളെ അവഗണിക്കുകയാണെന്ന് ആരോപണമാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്നത്

40 വര്‍ഷത്തിലധികമായി ഭൂമിക്ക് പട്ടയം ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ് എറണാകുളം വേങ്ങൂര്‍ പഞ്ചായത്തിലെ കൊച്ചുപുരയ്ക്കല്‍കടവിലെ നിരവധി കുടുംബങ്ങള്‍. പലതവണ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തങ്ങളെ അവഗണിക്കുകയാണെന്ന് ആരോപണമാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്നത്. 1973-ൽ പുതുക്കപ്പറമ്പിൽ വർഗീസ് എന്നയാളിൽ നിന്ന് സർക്കാർ ഏറ്റെടുത്ത 12.5 ഏക്കർ മിച്ചഭൂമിയാണ് നൂറോളം കുടുംബങ്ങൾക്ക് 10 സെന്‍റ് വീതം നൽകിയത്.

എന്നാൽ, ഇതുവരെ ഭൂമിക്ക് പട്ടയം ലഭിക്കാത്തതിനാൽ വീട് പണിയുവാനോ, ബാങ്ക് വായ്പ സംഘടിപ്പിക്കാനോ കഴിയാതെ ഇവിടത്തെ താമസക്കാർ ബുദ്ധിമുട്ടുകയാണ്. 2018 ലെ പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ചതാണ് രപമേശ്വരന്‍റെ വീടിന്. പിന്നീടിത് പൂര്‍ണമായി പൊളിച്ച് നീക്കേണ്ടി വന്നു. സര്‍ക്കാര്‍ അനുവദിച്ച മിച്ചഭൂമിയിലാണ് വീടുവച്ചതെങ്കിലും പട്ടയം ലഭിക്കാനുളള നടപടികള്‍ നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുകയാണ്. അതുകൊണ്ടുതന്നെ പ്രളയബാധിതര്‍ക്കുളള സഹായവും ഇവര്‍ക്ക് അന്യമാണ്.