Kerala

പട്ടാമ്പിയില്‍ ലോക്ഡൗണ്‍ നീട്ടിയതിനെതിരെ നഗരസഭാ ചെയര്‍മാനും വ്യാപാരികളും

ലോക് ഡൗൺ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ മാനദണ്ഡങ്ങൾ വെച്ചല്ലെന്നും സഹകരിക്കാത്തവർക്ക് എതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി എ.കെ ബാലൻ

പട്ടാമ്പിയിലെ ലോക്ഡൗണുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നു. ലോക്ഡൗൺ നീട്ടിയ ജില്ലാകലക്ടറുടെ നടപടി പുനപരിശോധിക്കണമെന്ന് നഗരസഭാ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ ആവശ്യപ്പെട്ടു. ലോക്ഡൗൺ പിൻവലിക്കാത്തതിൽ വ്യാപാരികൾ പട്ടാമ്പിയിൽ പ്രതിഷേധിച്ചു. സഹകരിക്കാത്തവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു.

കോവിഡ് രോഗികളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം 20നാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. രോഗവ്യാപനം ഉള്ള സ്ഥലങ്ങളിൽ ലോക്ഡൗൺ നീട്ടി. ഈ നടപടിക്കെതിരെയാണ് പട്ടാമ്പി നഗരസഭ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ രംഗത്തെത്തിയത്.

പെരുന്നാളിന് കടകൾ തുറക്കാൻ അനുമതി നൽകണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. മൂന്ന് ആഴ്ച്ചകളിലധികം അടഞ്ഞു കിടക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ പ്രതിഷേധിച്ചു. ലോക് ഡൗൺ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ മാനദണ്ഡങ്ങൾ വെച്ചല്ലെന്നും സഹകരിക്കാത്തവർക്ക് എതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി എ.കെ ബാലൻ പറഞ്ഞു.

യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയും ജില്ലാ ഭരണകൂടവും കടുത്ത അഭിപ്രായ ഭിന്നതയിലാണ് മുന്നോട്ട് പോകുന്നത്. പട്ടാമ്പി നഗരസഭയിലും പരിസര പ്രദേശങ്ങളിലും രോഗവ്യാപനം കുറയും വരെ നിയന്ത്രണങ്ങൾ തുടരും.