Kerala

പത്തനംതിട്ട ജില്ലയില്‍ മഴ ശക്തം: റാന്നി നഗരത്തില്‍ വെള്ളം കയറി തുടങ്ങി

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നു. റാന്നി നഗരത്തില്‍ വെള്ളം കയറി തുടങ്ങി. പമ്പ, അച്ചന്‍കോവില്‍, മണിമല, കക്കാട്ടര്‍ തുടങ്ങിയ നദികളിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. മണിയാര്‍, മൂഴിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്.

മഴ ശക്തമായതിനെ തുടര്‍ന്ന് മണിയാര്‍ ബാരേജിന്റെ അഞ്ച് ഷട്ടറുകളും അഞ്ച് മീറ്റര്‍ വരെ ഉയര്‍ത്തും. ഇതുമൂലം സ്പില്‍വേ വഴി തുറന്നു വിടുന്ന പരമാവധി വെള്ളത്തിന്റെ അളവ് 1287 ക്യുമാക്സ് ആണ്. ആങ്ങമൂഴി ഭാഗത്തുനിന്നും ശക്തമായ വെള്ളപ്പാച്ചില്‍ ഉണ്ട്. അള്ളുങ്കലും കാരിക്കയത്തും സ്പില്‍വേ പരമാവധി തുറന്നുവച്ചിരിക്കുകയാണ്.

ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഓഗസ്റ്റ് 10 വരെ മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ ഈ രീതിയില്‍ തുറന്ന് പ്രളയജലം കക്കാട്ടാറിലൂടെ ഒഴുക്കും. ഇതുമൂലം പമ്പാ നദിയിലെ ജലനിരപ്പില്‍ 3.50 മീറ്റര്‍ മുതല്‍ നാല് മീറ്റര്‍ വരെ അധിക വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവരും പ്രത്യേകിച്ച് മണിയാര്‍, വടശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.