Kerala

പത്തനംതിട്ടയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വിഭാഗം

പത്തനംതിട്ട ജില്ലയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വിഭാഗം. ഗുരുതര ശ്വാസതടസം നേരിട്ട 40 വയസില്‍ താഴെയുള്ള ചിലരുടെ മരണമാണ് സംശയത്തിന് കാരണമെന്ന് ഡിഎംഒ എ എല്‍ ഷീജ ട്വന്റിഫോറിനോട് പറഞ്ഞു. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്തിയില്ലെങ്കില്‍ കടുത്ത വെല്ലുവിളിയാകുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.

ജില്ലയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നുണ്ടെങ്കിലും നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ 40 വയസില്‍ താഴെയുള്ള നാല് പേര്‍ ജില്ലയില്‍ മരിച്ചു. ഇവരില്‍ ചിലര്‍ പുറത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സംശയമുണ്ട്.

സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്താത്തതിനാല്‍ ഗുരുതര ശ്വാസതടസത്തോടെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. തീവ്ര ലക്ഷണങ്ങളുള്ള കാറ്റഗറി സി രോഗികളുടെ എണ്ണം കൂടുന്നത് വെല്ലുവിളിയാണ്.

തുടക്കത്തില്‍ ദിവസേന പതിനയ്യായിരം പേര്‍ക്ക് വാക്‌സിനേഷന്‍ നടത്തിയെങ്കിലും തിങ്കളാഴ്ച മുതല്‍ ജില്ലയില്‍ വാക്‌സിന്‍ ക്ഷാമം ഉണ്ട്. രണ്ട് ദിവസത്തിനകം ആവശ്യത്തിന് വാക്‌സിന്‍ എത്തുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രതീക്ഷ.