അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലം പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാതെ ക്രൂരത കാട്ടിയതായുള്ള ആരോപണവും കല്ലട ബസിനെതിരെ ഉയരുന്നു. തുടയെല്ല് പൊട്ടിയ പയ്യന്നൂര്‍ സ്വദേശി മോഹനനെയാണ് ആശുപത്രിയിലെത്തിക്കാന്‍ കല്ലടയിലെ ജീവനക്കാര്‍ തയ്യാറാവാതിരുന്നത്. ബംഗ്ലുളുരുവില്‍ എത്തിയ ശേഷം മകനെത്തിയാണ് മോഹനനെ ആശുപത്രിയിലാക്കിയത്. ശസ്ത്രക്രിയ്ക്ക് വിധേയനായ മോഹനന്‍ ചികിത്സയിലാണ്.
ബംഗ്ലുരില്‍ സ്ഥിരതാമസമാക്കിയ മോഹനന്‍ ഞായറാഴ്ച രാത്രി പയ്യന്നൂര്‍ പെരുമ്പില്‍ നിന്നാണ് കല്ലട ബസില്‍ കയറിയത്. പുലര്‍ച്ചെ രണ്ട് മുപ്പതോടെ രാംനഗരയ്ക്ക് സമീപത്ത് വെച്ച് അമിത വേഗതയിലായിരുന്ന ബസ് ഹംപില്‍ ചാടിയതോടെ മോഹനന്‍ തെറിച്ചു വീണു. തുടയെല്ലിലും മുതുകിലും പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കാണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ബസ് ജീവനക്കാര്‍ വഴങ്ങിയില്ലെന്നാണ് മോഹനനന്റെ പരാതി.
കലാശപ്പാളയത്ത് എത്തിയപ്പോള്‍ വേദന സഹിക്കാനാവാതെ വീണ്ടും മോഹനന്‍ ആവശ്യം ഉന്നയിച്ചെങ്കിലും ബസ് നിര്‍ത്താന്‍ തയ്യാറാകാതെ ബാം നല്‍കുക മാത്രമാണ് ചെയ്തത്. പിന്നീട് അവസാന സ്റ്റോപില്‍ മകനെത്തിയാണ് മോഹനനെ ആശുപത്രിയിലാക്കിയത്. അപ്പോഴേക്കും നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു മോഹനന്‍. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച മോഹനന് തുടയെല്ല് പൊട്ടിയതിനാല്‍ ശസ്ത്രക്രിയ്ക്കും വിധേയനാക്കി .ബസ് ജീവനക്കാരുടെ ക്രൂരതയ്ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് മോഹനന്റെ കുടുംബത്തിന്റെ ആലോചന.